അഭിപ്രായപ്രകടനത്തിൽ വെറുപ്പും വിദ്വേഷവും വ്യക്തിഹത്യയും പ്രകടിപ്പിക്കുന്നതോ അതിനു പ്രേരകമായതോ ആയ അഭിപ്രായപ്രകടനങ്ങൾക്ക് ആർക്കുമില്ല അവകാശം. അതിൽ സാധാരണ പൗരന്മാരെന്നോ മന്ത്രിമാരെന്നോ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ മതനേതാക്കളെന്നോ മാധ്യമപ്രവർത്തകരെന്നോ ഉള്ള വ്യത്യാസമില്ല.
മന്ത്രിമാര്‍ ഉൾപ്പെടെയുള്ള പൊതുപ്രവര്‍ത്തകരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് അധികനിയന്ത്രണം വേണ്ടെന്നു സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരിക്കുന്നു. അധികനിയന്ത്രണം വേണ്ട എന്നതിനർഥം, ഇനിയെന്തും പറയാമെന്നല്ല. മറിച്ച്, ഭരണഘടനയുടെ അനുഛേദം 19 (2)ൽ പറയുന്നതിനപ്പുറമുള്ള പ്രത്യേക നിയന്ത്രണം ഒരു പൗരനുമേലും ഏർപ്പെടുത്തരുത് എന്നാണ്. വിധിയിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം, മന്ത്രി നടത്തുന്ന പ്രസ്താവനയുടെ ഉത്തരവാദിത്വം മന്ത്രിക്കു മാത്രമാണെന്നും അതിനെ സർക്കാരിന്റെ അഭിപ്രായമായി കണക്കാക്കാനാവില്ലെന്നുമാണ്. അതേസമയം, ഹർജികളിൽ ജസ്റ്റീസ് ബി.വി. നാഗരത്നയുടെ പ്രത്യേക വിധിയും ചേർത്തുവായിക്കപ്പെടേണ്ടതാണ്. വിദ്വേഷപ്രസംഗങ്ങള്‍ തുല്യത, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ അടിസ്ഥാനമൂല്യങ്ങളെ തകര്‍ക്കുമെന്നാണ് ഭിന്നവിധിയിലെ ശ്രദ്ധേയമായ നിരീക്ഷണം. ഒരു കാര്യം ഉറപ്പ്, ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും അഭിപ്രായപ്രകടനം നടത്തുന്നതിൽ അധികനിയന്ത്രണങ്ങളില്ലെങ്കിലും എന്തും വിളിച്ചുപറയാനുള്ള അധിക അവകാശമില്ലെന്നും മനസിലാക്കണം.
മന്ത്രിമാർ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരുടെ മര്യാദ കെട്ടതും ഉത്തരവാദിത്വമില്ലാത്തതുമായ വായാടിത്തങ്ങൾ നാടിനും ജനങ്ങൾക്കും ഗുണകരമല്ലെന്നതിൽ ആർക്കുമില്ല സംശയം. അതിൽ വർഗീയതയും തീവ്രവാദവും സ്ത്രീവിരുദ്ധതയും വ്യക്തിഹത്യയും അറിവില്ലായ്മയും മണ്ടത്തരങ്ങളുമൊക്കെയുണ്ട്. പലരുടെയും പ്രസംഗങ്ങൾ കേട്ടാൽ അറപ്പുളവാക്കുന്നതാണെങ്കിലും കൈയടിക്കാൻ അണികളുള്ളതിനാൽ അതെന്തോ വലിയ കാര്യമാണെന്നു ധരിച്ചുവശാകുകയാണ് പല നേതാക്കളും. ഇവർക്കെതിരേ പരാതി നൽകാൻ നിലവിലുള്ള കർശനമായ നിയമങ്ങൾതന്നെ ഉപയോഗിച്ച് ശിക്ഷ ഉറപ്പാക്കുകയാണ് സാധ്യമായ കാര്യം. നിയമത്തിനപ്പുറം അലിഖിത നിയമത്തെക്കുറിച്ചും സൂചിപ്പിക്കുന്നതാണ് സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി. “പൊതുപ്രവർത്തകർ സഹപൗരന്മാരെ വ്രണപ്പെടുത്തുന്ന വിടുവായത്തം പറയാതിരിക്കാൻ സ്വയം നിയന്ത്രണത്തിന്റെ ഒരു അലിഖിത നിയമമുണ്ട്. മാത്രമല്ല, പെരുമാറ്റചട്ടത്തിനുള്ള നിയന്ത്രണങ്ങൾ ഭരണഘടനയിലുണ്ട്.
ആർട്ടിക്കിൾ 19 (2)ൽ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങൾ സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനു പുറമേ, എംഎൽഎമാർ, എംപിമാർ, മന്ത്രിമാർ തുടങ്ങിയവരുടെ കാര്യത്തിൽ അധികനിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവില്ല’’-ഭൂരിപക്ഷ വിധിയിൽ ജസ്റ്റീസ് വി. രാമസുബ്രഹ്മണ്യം എഴുതി. അമിതനിയന്ത്രണം സാധ്യമല്ലെന്നത് ജസ്റ്റീസ് നാഗരത്നയും അംഗീകരിച്ചെങ്കിലും അവമതിപ്പുണ്ടാക്കുന്ന രീതിയിൽ മന്ത്രി നടത്തുന്ന പ്രസ്താവന സർക്കാർ തള്ളിപ്പറഞ്ഞില്ലെങ്കിൽ അതു സർക്കാരിന്റേതായി കരുതാമെന്നാണു നിരീക്ഷണം. രാഷ്ട്രീയ പാർട്ടികൾ അവരുടെ അംഗങ്ങൾക്കായി പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നും വിദ്വേഷപ്രസംഗങ്ങൾക്കെതിരേ പൗരന്മാർക്കു കോടതിയെ നേരിട്ടു സമീപിക്കാമെന്നും ജസ്റ്റീസ് നാഗരത്ന വിധിയിൽ വ്യക്തമാക്കുന്നു.
കേന്ദ്രമന്ത്രിയുടെ അതിരുവിട്ട വാക്കുകൾക്കു പ്രധാനമന്ത്രിയും, സംസ്ഥാന മന്ത്രിയുടേതിനു മുഖ്യമന്ത്രിയും ഉത്തരവാദിയാകുമെന്നും അവർക്കെതിരേ നടപടി വേണമെന്നുമുള്ള നിർദേശം സാധ്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പൗരന്റെ അവകാശം ലംഘിക്കുന്ന രീതിയിലുള്ള മന്ത്രിയുടെയോ ജനപ്രതിനിധികളുടെയോ പ്രസ്താവന ഭരണഘടനാ ലംഘനമായി കാണാനാകില്ല. അതേസമയം, അവകാശലംഘനത്തില്‍ നിയമപരമായ നടപടിയെടുത്തില്ലെങ്കില്‍ അത് സ്വാഭാവികമായും ഭരണഘടനാ ലംഘനമാകുകയും ചെയ്യും.
യുപിയിൽ അഖിലേഷ് യാദവ് മന്ത്രിസഭയിൽ അംഗമായിരിക്ക അസംഖാൻ, ബുലന്ദ്ശഹറിൽ പീഡനത്തിനിരയായ പെൺകുട്ടിക്കെതിരേ നടത്തിയ പരാമർശവും മൂന്നാറിൽ ‘പൊന്പിളൈ ഒരുമൈ’ സമരത്തിനെതിരേ അന്നു മന്ത്രിയായിരുന്ന എം.എം. മണി നടത്തിയ പരാമർശവും ഹർജിയിൽ പരിഗണിച്ചു. ഇതിനർഥം അവരുടെ പരാമർശങ്ങൾ ന്യായീകരിക്കപ്പെട്ടെന്നല്ല. അധികനിയന്ത്രണത്തിന്റെ ഭരണഘടനാസാധുത ഭരണഘടനാ ബെഞ്ച് പരിശോധിക്കുകയായിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിൽ എം.എം. മണിയുടേതുൾപ്പെടെയുള്ള ഹർജികൾ വെവ്വേറെ പരിശോധിക്കും.
വിദ്വേഷപ്രസംഗങ്ങളും വ്യാജപ്രസ്താവനകളും വ്യക്തിഹത്യകളുമൊക്കെ പൊതുമണ്ഡലത്തെ അസാധാരണമാംവിധം ദുഷിപ്പിക്കുന്ന കാലത്താണ് ഈ വിഷയം കോടതിയിലെത്തിയതും വിധി വന്നതും. മറ്റു പാർട്ടികളിലെ നേതാക്കളുടെ വാക്കുകളിലെ വിദ്വേഷാംശങ്ങളും സംസ്കാരമില്ലായ്മയും കൃത്യമായി ചൂണ്ടിക്കാണിക്കുന്ന പലരും സ്വന്തം കാര്യത്തിൽ മാത്രമല്ല, സ്വന്തം പാർട്ടിക്കാരുടെ കാര്യത്തിലും പലപ്പോഴും മലക്കംമറിയും. എന്തായാലും ഈ കോടതിവിധി ഒരു കാര്യം വ്യക്തമാക്കുന്നു. അഭിപ്രായപ്രകടനത്തിൽ വെറുപ്പും വിദ്വേഷവും വ്യക്തിഹത്യയും പ്രകടിപ്പിക്കുന്നതോ അതിനു പ്രേരകമായതോ ആയ അഭിപ്രായപ്രകടനങ്ങൾക്ക് ആർക്കുമില്ല അവകാശം. അതിൽ സാധാരണ പൗരന്മാരെന്നോ മന്ത്രിമാരെന്നോ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ മതനേതാക്കളെന്നോ മാധ്യമപ്രവർത്തകരെന്നോ ഉള്ള വ്യത്യാസമില്ല. പരിധിവിട്ടാൽ ‘അകത്തു കിടക്കാൻ’ അധികനിയന്ത്രണം ആവശ്യമില്ലെന്നർഥം.