നിലപാടുകളിൽ ഉറച്ചുനിന്ന, ഊർജസ്വലയായ വനിതാ നേതാവ് എന്ന നിലയിലാവും ലോകം ജസിൻഡ ആർഡേൺ എന്ന പ്രധാനമന്ത്രിയെ വിലയിരുത്തുക
പ്രധാനമന്ത്രിയായി തുടരാനുള്ള ഊർജമില്ല എന്നു വ്യക്തമാക്കി നാൽപ്പത്തിരണ്ടാം വയസിൽ ഒരു രാഷ്ട്രീയ നേതാവ് രാജി പ്രഖ്യാപിക്കുക! ഇനി മത്സരിക്കാനുമില്ലെന്ന് ഉറപ്പിച്ചുപറയുക! ഇന്ത്യയിൽ ജനിച്ചുവളർന്ന ഒരാൾക്കും ഈ വാർത്ത വിശ്വസിക്കാനാകില്ല! പ്രധാനമന്ത്രിപദം അവിടെ നിൽക്കട്ടെ, പഞ്ചായത്തംഗം എന്ന സ്ഥാനം പോലും ആജീവനാന്ത അവകാശമാണെന്നു വിശ്വസിക്കുകയും അതിനുവേണ്ടി എല്ലാ കുതന്ത്രങ്ങളും പയറ്റുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെ മാത്രം കണ്ടിട്ടുള്ള നമുക്ക് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ സമാനതകളില്ലാത്ത വ്യക്തിത്വമാണ്. രാജിയുടെ ‘യഥാർഥ’ കാരണങ്ങളെക്കുറിച്ച് ഇനി ഏറെ ചർച്ചകളുണ്ടാകും എന്ന് അവർ പറയുന്പോൾ ഏതു തരത്തിലും വ്യാഖ്യാനിക്കാനുള്ള അവസരമാണ് രാഷ്ട്രീയ നിരീക്ഷകർക്കു നല്കുന്നത്. “രാഷ്ട്രീയക്കാരും മനുഷ്യരാണ്. ഞങ്ങൾക്കു പറ്റുന്നതെല്ലാം പറ്റുന്ന കാലത്തോളം ഞങ്ങൾ തരുന്നു. സമയമാകുംവരെ. എന്നെ സംബന്ധിച്ച് ഇപ്പോൾ സമയമായിരിക്കുന്നു’’ എന്നാണ് ജസിൻഡയുടെ പ്രസ്താവന. ഫെബ്രുവരി ഏഴിന് അവർ സ്ഥാനമൊഴിയുമെന്നാണു കരുതുന്നത്.
പഴയ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ വിജയ് മർച്ചന്റ് മുന്പൊരിക്കൽ പറഞ്ഞിട്ടുണ്ട് “എന്തുകൊണ്ടാണ് നിങ്ങൾ പോകുന്നത് എന്നു ചോദിക്കുന്പോഴാണ്, അല്ലാതെ, എന്തേ നിങ്ങൾ പോകാത്തത് എന്നു ചോദിക്കുന്പോഴല്ല’’ഒരാൾ കളം വിടേണ്ടതെന്ന്. ആ കാഴ്ചപ്പാടാണ് ജസിൻഡയും പിന്തുടർന്നതെന്നു വേണം കരുതാൻ. ഒക്ടോബർ 14ന് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് രാജ്യം ഒരുങ്ങുന്പോഴാണ് ജസിൻഡയുടെ അപ്രതീക്ഷിത പ്രഖ്യാപനം. കോവിഡ് മഹാമാരിക്കാലത്തും ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മോസ്കുകളിൽ നടന്ന ഭീകരാക്രമണത്തിലും വൈറ്റ് ഐലൻഡിലെ അഗ്നിപർവത സ്ഫോടനത്തിലും രാജ്യത്തെ ധീരതയോടെ നയിച്ചു എന്നത് ലോകം ആരാധനയോടെ നോക്കിക്കണ്ട കാര്യമാണ്.
അതേസമയം, തൊഴിൽപരമായ കടുത്ത ഭീഷണി നേരിടുന്പോഴാണ് വിടവാങ്ങൽ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് കൈവരിക്കാനായെങ്കിലും കോവിഡ് കാലത്തെ കർശനനിയന്ത്രണങ്ങൾ കടുത്ത എതിർപ്പു വിളിച്ചുവരുത്തിയിരുന്നു. ലോക്ഡൗണുകളിലും വാക്സിൻ നയങ്ങളിലും പ്രകോപിതരായ ഗ്രൂപ്പുകളുടെ ഭീഷണി അവർ നിരന്തരം നേരിട്ടിരുന്നു. കൂടാതെ, സമീപകാലത്തു നടന്ന അഭിപ്രായ വോട്ടെടുപ്പുകളിൽ അവരുടെ ലേബർ പാർട്ടി പ്രതിപക്ഷ നാഷണൽ പാർട്ടിയേക്കാൾ പിന്നിലാവുകയും ചെയ്തു. പണപ്പെരുപ്പവും രാജ്യത്തു വർധിച്ച കുറ്റകൃത്യങ്ങളും എതിരാളികൾ ആയുധമാക്കി. കൂടാതെ, വധഭീഷണികളും അവരെ അസ്വസ്ഥയാക്കിയിരുന്നു. എന്നാൽ ഇതൊന്നും തന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നാണു ജസിൻഡ പറയുന്നത്. കുടുംബത്തോടൊപ്പം ചെലവഴിക്കുക എന്നതിനപ്പുറം മറ്റു പദ്ധതികളൊന്നുമില്ലെന്നും അവർ പറയുന്നു. അതേസമയം, രാജ്യം കടുത്ത വെല്ലുവിളികൾ നേരിടുന്പോൾ മനഃസാക്ഷിയുള്ള രാഷ്ട്രീയനേതാവ് കളമൊഴിയുന്നതു ശരിയോ എന്ന ധാർമികമായ ചോദ്യം ഉയർത്തുന്നവരുണ്ട്.
പതിനെട്ടാം വയസിൽ ന്യൂസിലൻഡ് ലേബർ പാർട്ടിയിൽ ചേർന്ന ജസിൻഡ 2008ലാണ് ആദ്യമായി പാർലമെന്റിലെത്തുന്നത്. 2017 ഓഗസ്റ്റിൽ മുപ്പത്തേഴാം വയസിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. യുവത്വം തുളുന്പുന്ന സ്ത്രീ എന്നതിനപ്പുറം നിലപാടുകളാണ് ജസിൻഡയെന്ന രാഷ്ട്രീയക്കാരിയെ ന്യൂസിലൻഡിനു പുറത്തെത്തിച്ചത്. പ്രധാനമന്ത്രിയായിരിക്കെ കുഞ്ഞിനു ജന്മം നല്കിയ പ്രധാനമന്ത്രിയെന്നതും യുഎൻ ജനറൽ അസംബ്ലിയിൽ കുഞ്ഞിനെ കൊണ്ടുചെന്നതും ലോകമെങ്ങും സ്ത്രീകൾക്കു പ്രചോദനമായി.
നാളെ നടക്കുന്ന പാർട്ടി വോട്ടെടുപ്പിൽ പുതിയ നേതാവിനെ തെരഞ്ഞെടുത്താൽ രാജി കൈമാറുമെന്നാണ് ജസിൻഡ അറിയിച്ചിട്ടുള്ളത്. എന്നാൽ ഈ വോട്ടെടുപ്പിൽ ആർക്കും ആവശ്യമായ പിന്തുണ ലഭിച്ചില്ലെങ്കിൽ കൂടുതൽ വിപുലമായ വോട്ടെടുപ്പിലേക്കു പോകും. വിദ്യാഭ്യാസമന്ത്രി ക്രിസ് ഹിപ്കിൻസ്, നീതിന്യായ മന്ത്രി കിരി അലൻ, കുടിയേറ്റ കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന മൈക്കൽ വുഡ്, വിദേശകാര്യമന്ത്രി നനായ മഹൂട്ട തുടങ്ങി നിരവധി പേരുകൾ ജസിൻഡയുടെ പിൻഗാമിയെന്ന നിലയിൽ പ്രചരിക്കുന്നുണ്ട്.
എങ്ങനെയാണു തന്റെ നേതൃത്വത്തെ ഭാവിതലമുറ വിലയിരുത്തേണ്ടത് എന്ന ചോദ്യത്തിന്, “എപ്പോഴും ദയ കാണിക്കാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയിൽ’’ എന്നു ജസിൻഡ നല്കിയ മറുപടിയും ശ്രദ്ധേയമാണ്. നിലപാടുകളിൽ ഉറച്ചുനിന്ന, ഊർജസ്വലയായ വനിതാ നേതാവ് എന്ന നിലയിലാവും ലോകം ജസിൻഡ ആർഡേൺ എന്ന പ്രധാനമന്ത്രിയെ വിലയിരുത്തുക. കുടുംബത്തെയും സ്വന്തം ജീവിതത്തെയും അധികാരത്തിനപ്പുറം ചേർത്തുപിടിച്ച വ്യതിരിക്തതയും അവരുടെ തൊപ്പിയിൽ പൊൻതൂവലാകും.
ഒരു പക്ഷേ ഇന്ത്യയിലെ രാഷ്ട്രീയക്കാർ ജസിൻഡയെ പുച്ഛിക്കുകയാകും. രാഷ്ട്രീയമെന്നാൽ അന്തമില്ലാത്ത അവസരങ്ങളുടെ വിളഭൂമിയായി കാണുന്ന ഇവിടത്തെ നേതാക്കളെ കാണുന്പോൾ നമ്മളും പറഞ്ഞുപോകും, സ്വരം ഇടറി ഇല്ലാതായിട്ടും പാട്ടു തുടരുന്ന ഇവർക്കൊക്കെ പണി നിർത്തിക്കൂടെയെന്ന്. അതുതന്നെയാണ് ജസിൻഡയെപ്പോലുള്ള രാഷ്ട്രീയനേതാക്കൾക്കു കിട്ടാവുന്ന ഏറ്റവും വലിയ ആദരം.