വീടുകൾക്കും വ്യാപാരികൾക്കും പൊതുസ്ഥാപനങ്ങൾക്കുമൊക്കെ മാലിന്യസംസ്കരണത്തിൽ പെരുമാറ്റച്ചട്ടമുണ്ടാകണം. എല്ലാത്തിലുമുപരി, ഉത്തരവാദിത്വം നിർവഹിക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും വേണം.
പ്രകൃതിയെയും ജീവജാലങ്ങളെയും നശിപ്പിക്കുന്ന അത്യന്തം മാരകമായ മാലിന്യവത്കരണത്തിന് സമസ്ത ജനവിഭാഗങ്ങളും ഉത്തരവാദിത്വം പറയേണ്ട കാലം സമാഗതമായിരിക്കുന്നു. സർക്കാരിന്റെ കെടുകാര്യസ്ഥതയിലും അഴിമതിയിലും രോഷം കൊള്ളുകയും അതേസമയം, ഈ ദുരവസ്ഥയ്ക്കു തങ്ങളുടേതായ സംഭാവന നൽകിക്കൊണ്ടിരിക്കുകയാണ് നാമോരോരുത്തരും. വേന്പനാട്ടുകായലിന്റെ സംഭരണശേഷി 120 വർഷത്തിനിടെ 85.3 ശതമാനം കുറഞ്ഞെന്ന കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്)യുടെ പഠനറിപ്പോർട്ട് നടുക്കമുളവാക്കുന്നതാണ്. വേന്പനാട്, അഷ്ടമുടി കായലുകളുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തിനു 10 കോടി പിഴയിടുകയും ചെയ്തിരിക്കുന്നു. ഇതിലൊക്കെ, സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും നിഷ്ക്രിയത്വവുമുണ്ട്; ജനങ്ങളുടെ നഷ്ടമായ സാമൂഹികബോധവും. രണ്ടും സാമൂഹികവിരുദ്ധതയാണ്.
വേന്പനാട്ടുകായലിന്റെ സംഭരണശേഷി 1900ൽ 2617.5 മില്യൺ ക്യുബിക് മീറ്ററായിരുന്നെങ്കിൽ 2020ൽ വെറും 384.67 മില്യൺ ക്യുബിക് മീറ്ററാണ്. 85.3 ശതമാനത്തിന്റെ കുറവ്. വിസ്തൃതിയും ആഴവും ഗണ്യമായി കുറയുകയാണ്. 1900ൽ 365 ചതുരശ്ര കിലോമീറ്ററായിരുന്ന കായൽ വിസ്തൃതിയാണ് 206.30 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞത്. സർക്കാർ നിർദേശപ്രകാരം കുഫോസിലെ സെന്റർ ഫോർ എക്സലൻസ് ഇൻ അക്വാട്ടിക് റിസോഴ്സസ് മാനേജ്മെന്റ് ആൻഡ് കൺസർവേഷനാണ് അഞ്ചുവർഷംനീണ്ട പഠനം നടത്തിയത്. കായൽ സംരക്ഷണത്തിനു സമഗ്ര പദ്ധതി ആവിഷ്കരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. 120 വർഷത്തിനിടെ 158.7 ചതുരശ്ര കിലോമീറ്റർ കായൽ നികത്തപ്പെട്ടു. ഇതോടൊപ്പം മാലിന്യങ്ങൾ അടിഞ്ഞ് ആഴവും കുറഞ്ഞു.
കായൽ കൈയേറ്റത്തിന്റെയും നശീകരണത്തിന്റെയും വിശദമായ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. മറ്റൊരു വിപത്ത് പ്ലാസ്റ്റിക്കാണ്. വേന്പനാട്ടു കായലിന്റെ അടിത്തട്ടിൽ ഒരു മീറ്റർ കനത്തിൽ മൂവായിരത്തിലേറെ ടൺ പ്ലാസ്റ്റിക് അടിഞ്ഞുകൂടിയിരിക്കുകയാണെന്നാണ് 2019ൽ പഠനത്തിന്റെ ആദ്യഘട്ടത്തിൽ കുഫോസ് അറിയിച്ചത്. ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടൺ പ്ലാസ്റ്റിക് മാലിന്യം. ഇതൊക്കെ നേരേ കായലിലെറിഞ്ഞതല്ല. നമ്മുടെ പരിസരങ്ങളിലെ കൈത്തോടുകളും പുഴകളിലുമൊക്കെ വലിച്ചെറിഞ്ഞതാണ്. നമുക്കൊക്കെ ഉത്തരവാദിത്വമുണ്ട്.
അടുത്തയിടെ ബ്രഹ്മപുരത്ത് മാരകവിഷപ്പുക വ്യാപനത്തിന് ഇടയാക്കിയ, അഗ്നിബാധ വാർത്തകളിൽ നിറഞ്ഞുനിൽക്കെയാണ് അതിലും മാരകമായ മാലിന്യശേഖരത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ജലാശയങ്ങളിൽ നമ്മൾ ഒളിപ്പിക്കാൻ ശ്രമിച്ച പ്ലാസ്റ്റിക് വരാനിരിക്കുന്ന തലമുറയുടെയും തലയെടുക്കുന്നതായിരിക്കുന്നു. സർക്കാരും അതിന്റെ ഭാഗമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാലമത്രയും നടത്തിയ കെടുകാര്യസ്ഥതയും അഴിമതിയും നിഷ്ക്രിയത്വവും വ്യക്തമാണെങ്കിലും ജനങ്ങൾക്കും ഇതിൽനിന്ന് ഒഴിവില്ല. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പൊതിയാക്കി അയൽക്കാരന്റെ പറന്പിലും പൊതുവഴിയിലും അരുവികളിലും പുഴകളിലുമൊക്കെ വലിച്ചെറിയുന്നവർ സാമൂഹികവിരുദ്ധരാണ്.
ഇരുചക്രവാഹനങ്ങളിലും കാറിലുമൊക്കെ സ്വന്തം വീട്ടിലെയും സ്ഥാപനത്തിലെയുമൊക്കെ മാലിന്യപ്പൊതികളുമായി പുറപ്പെടുന്നവരിൽ വിദ്യാഭ്യാസമുള്ളവരാണ് കൂടുതൽ. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കരുത് എന്നതിനൊപ്പം എവിടെ നിക്ഷേപിക്കണമെന്നു പറയാൻ ഇന്നും നമ്മുടെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കു കഴിഞ്ഞിട്ടുമില്ല. ‘തെളിനീരൊഴുകും നവകേരളം’കാന്പയിനും ശാസ്ത്രീയ മാലിന്യ സംസ്കരണവും ജലസ്രോതസുകൾ മാലിന്യമുക്തമാക്കുന്നതുമൊക്കെ ഇടയ്ക്കിടെ മന്ത്രിമാർക്കു പ്രസംഗിക്കാനുള്ള വിഷയങ്ങൾക്കപ്പുറം കടക്കുന്നില്ല.
അമൃത്, ശുചിത്വമിഷൻ പദ്ധതികളും വഴിപാടുകളായിക്കഴിഞ്ഞു. വീടുകളിലെത്തിയുള്ള മാലിന്യശേഖരണം പലയിടത്തും നടപ്പായിട്ടില്ല. നടപ്പായ പലയിടത്തും കൃത്യമായി വോളണ്ടിയർമാർ എത്താറില്ല. 10,800 കോടിയിൽപരം രൂപയുടെ പദ്ധതികളാണ് പല വിധത്തിലും പേരുകളിലും നടപ്പാക്കുന്നത്. പക്ഷേ, എല്ലാം വായാടിത്തങ്ങളിലും കെടുകാര്യസ്ഥതയിലും അഴിമതിയിലും മലിനമായതിന്റെ ഫലമാണ് നാടുനീളെയുള്ള മാലിന്യക്കുന്നുകളും ജലസ്രോതസുകളുടെ അടിത്തട്ടിലെ പ്ലാസ്റ്റിക് ദ്വീപുകളുമൊക്കെ.
ഭാവിയെ അഴുക്കിലാക്കുന്ന മാലിന്യ പ്രതിസന്ധി പരിഹരിക്കാൻ, അഴിമതിയൊക്കെ ഒഴിവാക്കി ഇച്ഛാശക്തിയോടെ സർക്കാർ രംഗത്തെത്തുമെന്ന സ്വപ്നം യാഥാർഥ്യമായാൽപോലും മലയാളിയുടെ മനസ് മാറാതെ മാലിന്യം മാറില്ല. പാഠ്യപദ്ധതികൾ പരിഷ്കരിക്കുന്ന സമയമാണ്. മാലിന്യ സംസ്കരണം പാഠപുസ്തകത്തിലുണ്ടാകണം. ഉത്തരവാദിത്വമില്ലാതെ മാലിന്യം വലിച്ചെറിയുന്നത് മനുഷ്യരാശിയോടുള്ള കുറ്റകൃത്യമാണെന്നു വിദ്യാർഥികൾ തിരിച്ചറിയണം.
വീടുകൾക്കും വ്യാപാരികൾക്കും പൊതുസ്ഥാപനങ്ങൾക്കുമൊക്കെ മാലിന്യസംസ്കരണത്തിൽ പെരുമാറ്റച്ചട്ടമുണ്ടാകണം. എല്ലാറ്റിലുമുപരി, ഉത്തരവാദിത്വം നിർവഹിക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും വേണം. ശുദ്ധമായ മണ്ണും ജലവും വായുവും അസാധ്യമല്ല; എല്ലാവരും മനസു വയ്ക്കണം. അല്ലെങ്കിൽ നമ്മൾ കായലിൽ താഴ്ത്തിയതൊക്കെ നമ്മുടെ മക്കളെ തേടിവരും.