ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള, ഏറ്റവും പ്രയോജനമുള്ള അതിഥിയായി ജലമെന്ന അത്യന്തം വിലപ്പെട്ട സമ്മാനവുമായി മഴ വരുന്നു. വീടും നാടും ജലാശയങ്ങളും വായുവും ശുചിയാക്കാൻ കൈ കോർക്കാം; ഒഴിവാകരുത് ഒരാളും.
ആഹ്ലാദവും ആശങ്കകളുമായി കാലവർഷമെത്താൻ ഇനി ദിവസങ്ങളേയുള്ളു. അതിനു മുന്നോടിയായി ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം മുൻകൂട്ടിയുള്ള ശുചീകരണ പ്രവൃത്തികളാണ്. സർക്കാർ, പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ എന്തു ചെയ്തു എന്നറിയാൻ ജനങ്ങൾക്കു താത്പര്യമുണ്ട്. തങ്ങൾ വീട്ടിലും നാട്ടിലും എന്തു ശുചിത്വമാണ് നടത്തിയിട്ടുള്ളതെന്ന് പൗരന്മാർക്കും ആത്മപരിശോധനയ്ക്കു സമയമായിരിക്കുന്നു.
കേരളത്തിൽ മഴക്കാലമെത്തുന്നത് വെള്ളവുമായി മാത്രമല്ല, മാലിന്യംകൊണ്ടു കൂടിയാണ്. ആരുമറിയില്ലെന്നു കരുതി നാം ഒളിപ്പിച്ചുവെച്ച മാലിന്യമെല്ലാം മഴ കുത്തിപ്പൊക്കും. തെരുവായ തെരുവെല്ലാം അഴുക്കുചാലാകും. തോടുകളും പുഴകളുമൊക്കെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പൊതിക്കെട്ടുകളുമായി കരകവിഞ്ഞൊഴുകും. ബ്രഹ്മപുരത്തു മാത്രമല്ല, കേരളത്തിലെ ഒട്ടുമുക്കാലും സ്ഥലങ്ങളിൽ സംസ്കരിക്കാത്ത മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്.
ഒന്നാന്തരം റോഡുകളുടെയും വീടുകളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും പരിസരത്ത് ആരും കാണാതെ നിക്ഷേപിച്ച ഈ ‘കള്ളപ്പണം’ കാലവർഷം എല്ലാവർക്കും തുല്യമായി വീതംവച്ചു തരും. ഉള്ളതു പറഞ്ഞാൽ, വർഷം തോറുമെത്തുന്ന കാലവർഷമാണ് നമ്മുടെ നാടിനെ കഴുകി വൃത്തിയാക്കുന്നത്. സർക്കാരിന്റെ കെടുകാര്യസ്ഥതയും ജനങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയും സ്വാർഥതയുമൊക്കെ ചേർന്നാണ് കേരളത്തെ അഴുക്കിൽ മുക്കിയത്. ലോകം ഏറെ പരിഷ്കൃതമായ കാലത്ത് നമുക്കും വേണ്ടേ ഇത്തിരിയെങ്കിലും വെടിപ്പും വൃത്തിയുമൊക്കെ. അതിനു തുടക്കമിടാൻ ഇതാണ് ഏറ്റവും ഉചിതമായ സമയം.
മിക്ക ജില്ലകളിലും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടർമാരുടെ അധ്യക്ഷതയില്‍ യോഗങ്ങൾ ചേർന്നിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഏപ്രില്‍ 15നകം ജില്ലയിലെ ഓഫീസുകള്‍ മാലിന്യമുക്ത ഓഫീസുകളാക്കി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും പൊതു ഇടങ്ങളില്‍നിന്നു മാലിന്യം നീക്കം ചെയ്തു ക്ലോറിനേഷനും ഡ്രൈഡേയും നടപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കു പുറമേ ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഡ്രൈവുകള്‍ സംഘടിപ്പിക്കാനുമൊക്കെ യോഗത്തില്‍ തീരുമാനമായി. ആലപ്പുഴ നഗരസഭ ഏപ്രിൽ ഒന്നിന് വാർഡ് തലത്തിൽ മാലിന്യനിർമാർജന ആക്ഷൻ പ്ലാനുകൾ തയാറാക്കിയിരുന്നു. തോടുകളിലെയും പുഴകളിലെയും നീരൊഴുക്ക് വർധിപ്പിക്കുക, വെള്ളക്കെട്ട് തടയാനാവശ്യമായ പ്രവൃത്തികൾ ചെയ്യുക, കൊതുകു നിർമാർജനം നടത്തുക, ജലജന്യ രോഗങ്ങൾ പകരുന്നതു തടയാനുള്ള പ്രവൃത്തികൾ മുൻകൂട്ടി നടപ്പാക്കുക, തുടങ്ങി കേൾക്കാൻ ഇന്പമുള്ള ഒത്തിരി കാര്യങ്ങൾ പറഞ്ഞു.
ഇടുക്കിയിൽ ആരോഗ്യജാഗ്രതയോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കണമെന്നും മഴക്കാല ദുരന്തങ്ങള്‍ വരാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അതൊഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നുമുൾപ്പെടെയുള്ള വന്പൻ പരിപാടികളാണ് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ഏതാണ്ട് എല്ലാ ജില്ലകളിലും കഴിഞ്ഞ ഒരു മാസമായി ഇത്തരം യോഗങ്ങൾ നടത്തിയിട്ടുണ്ട്. നിശ്ചിതസമയം കഴിഞ്ഞിട്ടും, പറഞ്ഞതിൽ എത്ര കാര്യങ്ങൾ നടപ്പായെന്നുകൂടി ആലോചിച്ചുനോക്കൂ. ഈതൊരു വാർഷിക വഴിപാടാണ്. കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടും ഒരു ചോദ്യം ചോദിക്കാം.
മാലിന്യം ഇവിടെ ഇടരുത്, അവിടെ ഇടരുത് എന്ന് നിങ്ങളിറക്കിയിരിക്കുന്ന തിട്ടൂരം അനുസരിക്കാൻ നല്ല പൗരന്മാരെന്ന നിലയിൽ എല്ലാവർക്കും കടമയുണ്ട്. പക്ഷേ, ഇതെവിടെ ഇടണമെന്ന് കേരളത്തിലെ എത്ര തദ്ദേശ സ്ഥാപനങ്ങൾ ജനങ്ങളോടു പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയാനായാൽ അന്നു തീരും ഇവിടത്തെ മാലിന്യപ്രശ്നം. കുടുംബശ്രീ പ്രവർത്തകർ വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന പരിപാടി കുറെയൊക്കെ നടക്കുന്നുണ്ട്. പക്ഷേ, പലയിടത്തും അതും വലിഞ്ഞിഴയുകയാണ്. യഥാസമയം വീടുകളിൽ എത്തുന്നില്ലെന്നു പരാതിയുണ്ട്. ശേഖരിക്കുന്ന പ്ലാസ്റ്റിക് റോഡരികിൽ ആഴ്ചകളോളം കിടക്കുകയാണ്.
സ്വന്തം വീട്ടുമുറ്റത്തൊഴിച്ച് മറ്റെവിടെയും മാലിന്യം വലിച്ചെറിയാൻ യാതൊരു ഉളുപ്പുമില്ലാത്ത വിദ്യാസന്പന്നരായ സാമൂഹികവിരുദ്ധരുടെയും നാടാണ് കേരളം. നാട്ടുകാർ കൈകാര്യം ചെയ്തിട്ടും ഇത്തരം പകൽമാന്യന്മാർ ഇരുചക്രവാഹനങ്ങളിലും കാറുകളിലുമൊക്കെ പായുകയാണ്. മാലിന്യം ഇടുന്നതിന് ഒരു സ്ഥലം പറഞ്ഞുകൊടുത്താൽ 90 ശതമാനം ആളുകളും അവിടെത്തന്നെ ഇട്ടുകൊള്ളും. തരംതിരിച്ചാണോ കൊണ്ടുവരുന്നതെന്നറിയാൻ അവിടെ അത്യാവശ്യം ആളുകളെയും ഏർപ്പെടുത്തിയാൽ പകുതി പ്രശ്നം തീരും.
ബഹുമാന്യനായ ഒരതിഥി വരുന്പോൾ എല്ലാവരും ചേർന്ന് വീട് അതിവേഗം വൃത്തിയാക്കുമെന്നു പറയാറുണ്ട്. കാരണം, നമ്മൾ വൃത്തികെട്ടവരാണെന്ന് അതിഥി അറിയരുതെന്ന് നാം ആഗ്രഹിക്കുന്നു. എങ്കിലിതാ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള, ഏറ്റവും പ്രയോജനമുള്ള അതിഥിയായി ജലമെന്ന അത്യന്തം വിലപ്പെട്ട സമ്മാനവുമായി മഴ വരുന്നു. വീടും നാടും ജലാശയങ്ങളും വായുവും ശുചിയാക്കാൻ കൈ കോർക്കാം; ഒഴിവാകരുത് ഒരാളും.