ഇന്ത്യയിലെ 140 കോടി ജനങ്ങളെ സംബന്ധിച്ച് ആര് അധികാരത്തിൽ വന്നാലും അവർ ജനാധിപത്യത്തോടും മതേതരത്വത്തോടും അഭിപ്രായസ്വാതന്ത്ര്യത്തോടുമൊക്കെ കാണിക്കുന്ന കൂറും വികസനനേട്ടങ്ങളുമാണ് പ്രധാനം. ബ്രിട്ടീഷുകാർ പോയപ്പോൾ നിലംപറ്റെ ദരിദ്രവും, മതധ്രുവീകരണത്താലും വിഭജനത്താലും മുറിവേറ്റുമിരുന്ന രാജ്യത്തെ ഇത്രത്തോളമെത്തിച്ചത് ആ അടിസ്ഥാനമൂല്യങ്ങളായിരുന്നു.
രാജ്യം തെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. ഭരണകക്ഷിയായ എൻഡിഎയും പ്രതിപക്ഷ സഖ്യമായ "ഇന്ത്യ'യും തങ്ങളുടെ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന്റെ പണിപ്പുരയിലാണ്. "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബില്ലിനെക്കുറിച്ചു പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായുള്ള സമിതിയെ ഇന്നലെ കേന്ദ്രസർക്കാർ നിയോഗിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ മൂന്നാമത്തെ യോഗം മുംബൈയിൽ തുടരുകയാണ്. പാചകവാതകത്തിന്റെ വില സർക്കാർ 200 രൂപ കുറച്ചു. വാഹന ഇന്ധനങ്ങളുടെ വിലയും കുറച്ചേക്കാമെന്നാണ് സൂചന. ചുരുക്കത്തിൽ, രാജ്യം തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന കാര്യം ജനങ്ങൾക്കും അനുഭവപ്പെട്ടുതുടങ്ങി. ഒപ്പം, 140 കോടി ജനങ്ങൾക്കും മറ്റൊന്നുകൂടി മനസിലായി. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ മാത്രമേ തങ്ങളുടെ വില ഭരിക്കുന്നവർക്കും ഭരിക്കാനാഗ്രഹിക്കുന്ന പ്രതിപക്ഷത്തിനും മനസിലാകൂ എന്ന്.
ഡൽഹിയിലെയും മുംബൈയിലെയും തീരുമാനങ്ങൾ രാജ്യത്തിനു നിർണായകമാണ്. വോട്ടെടുപ്പാണ് ജനാധിപത്യമെന്നു തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളാണ് ജനാധിപത്യത്തെ അതിന്റെ അർഥത്തെപോലും അട്ടിമറിക്കുന്നവിധം ഏറ്റവും മോശമായ നിലയിലേക്ക് എത്തിച്ചത്. നാലു വർഷം എത്ര ജനവിരുദ്ധരായിരുന്നാലും ഒടുവിലത്തെ ഒറ്റ വർഷത്തെ ചെപ്പടിവിദ്യകൊണ്ട് വീണ്ടും അധികാരത്തിലെത്താനാകുന്ന തെരഞ്ഞെടുപ്പ് മാനേജ്മെന്റിലേക്കു കാര്യങ്ങളെത്തി. വോട്ടർമാരിൽ വലിയൊരു വിഭാഗം തങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെക്കുറിച്ചും തിരിച്ചറിയാൻ തക്ക വിദ്യാഭ്യാസമുള്ളവരല്ലെന്നു പലരും കരുതുന്നുണ്ട്.
പാചകവാതകത്തിന്റെയും വാഹന ഇന്ധനങ്ങളുടെയും വില കുറയ്ക്കണമെന്ന് എത്രനാളായി ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. സർക്കാർ അനങ്ങിയില്ല. പക്ഷേ, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ആരും ആവശ്യപ്പെടാതെ പാചകവാതകവില കുറച്ചിരിക്കുന്നു. ഇത് വോട്ടെടുപ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങളിലൊന്നാണ്. വോട്ടുകളുടെ ധ്രുവീകരണംകൂടി ലക്ഷ്യമിട്ടാൽ അപ്രതീക്ഷിതവും അപകടകരവുമായ കാര്യങ്ങളും സംഭവിച്ചേക്കാം.
മുംബൈയിൽ പ്രതിപക്ഷം ഒന്നിച്ചു കൂടിയിരിക്കുന്നത് തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ്. അതു തെറ്റല്ല. പക്ഷേ, കഴിഞ്ഞ നാലു വർഷം ഇന്ധനവിലയും വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിയും അഭിപ്രായസ്വാതന്ത്ര്യമില്ലായ്മയും അഴിമതിയുമൊക്കെ പാരമ്യതയിലെത്തിയപ്പോഴൊന്നും ഈ സംഘംചേരൽ ഉണ്ടായിരുന്നില്ല.
ഇന്ത്യയിലെ 140 കോടി ജനങ്ങളെ സംബന്ധിച്ച് ആര് അധികാരത്തിൽ വന്നാലും അവർ ജനാധിപത്യത്തോടും മതേതരത്വത്തോടും അഭിപ്രായസ്വാതന്ത്ര്യത്തോടുമൊക്കെ കാണിക്കുന്ന കൂറും വികസനനേട്ടങ്ങളുമാണ് പ്രധാനം. ബ്രിട്ടീഷുകാർ പോയപ്പോൾ നിലംപറ്റെ ദരിദ്രവും, മതധ്രുവീകരണത്താലും വിഭജനത്താലും മുറിവേറ്റുമിരുന്ന രാജ്യത്തെ ഇത്രത്തോളമെത്തിച്ചത് ആ അടിസ്ഥാനമൂല്യങ്ങളായിരുന്നു. അവയിൽനിന്നു വ്യതിചലിക്കാത്തതും ഒപ്പം, പരിഷ്കൃതവുമായ മുന്നേറ്റമാകണം എല്ലാ പാർട്ടികളുടെയും ലക്ഷ്യം.
18 മുതൽ 22 വരെ നടത്താനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജൻഡയും "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബില്ലിന്റെ ലക്ഷ്യങ്ങളും പുകമറയിലാകരുത്. പാർലമെന്റ് സമ്മേളിക്കുന്നത് എന്തിനാണ് എന്നത് ജനങ്ങളിൽനിന്നും പ്രതിപക്ഷ പാർട്ടികളിൽനിന്നും മറച്ചുവയ്ക്കേണ്ടതല്ല. അതുപോലെ, ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നത് സാന്പത്തികലാഭം ഉണ്ടാക്കിയേക്കാം. പക്ഷേ, ജനാധിപത്യനഷ്ടം ഉണ്ടാകരുത്. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസ്ഥാനങ്ങളുമായും ആലോചിച്ചാവണം തീരുമാനമെടുക്കാൻ.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’എന്നത് അധികാരം ഒരു പാർട്ടിയിലേക്കു ചുരുക്കാനുള്ള കുറക്കുവഴിയാണ് എന്ന ആക്ഷേപത്തിനിടയാക്കരുത്. കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെടുന്ന ഫെഡറൽ സംവിധാനമാണ് രാജ്യത്തിന്റെ വൈവിധ്യത്തെയും അധികാര വികേന്ദ്രീകരണത്തെയും ഫലപ്രദമാക്കിയത്. കേന്ദ്രത്തിന്റെ അധികാരക്കവർച്ചയെക്കുറിച്ച് ഇപ്പോൾതന്നെ സംസ്ഥാനങ്ങൾക്കു പരാതിയുണ്ട്.
ലോകം ആദരിക്കുന്ന ഭരണഘടനയാണ് നമ്മെ ജനാധിപത്യത്തിൽ അടിയുറച്ചു നിർത്തുന്നത്. അധികാര കേന്ദ്രീകരണത്തിന്റെ ഉദാഹരണമായി നമുക്കു മുന്നിലുള്ളത് 1975ലെ അടിയന്തരാവസ്ഥയാണ്. പക്ഷേ, അതിനു കാരണക്കാരായവരെ പുറത്താക്കാൻ ജനങ്ങൾക്കുള്ള സ്വാതന്ത്ര്യത്തിനു തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ പോലും ഒരു കോട്ടവുമുണ്ടായില്ലെന്നു നാം മറക്കരുത്. ആ തെരഞ്ഞെടുപ്പിൽ അട്ടിമറികളോ വർഗീയ ധ്രുവീകരണമോ ഉണ്ടായില്ല. 1977ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാർ നിലവിൽ വരികയും ചെയ്തു.
നമ്മുടെ ഭരണഘടനയും ജനാധിപത്യവും ഉറപ്പുനൽകിയ സ്വാതന്ത്ര്യമായിരുന്നു അത്. രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിനെയും ഒരു പക്ഷേ, സംസ്ഥാന തെരഞ്ഞെടുപ്പുകളെയും അഭിമുഖീകരിക്കാനിരിക്കെ സുപ്രധാനമായ ഓർമപ്പെടുത്തലാണ് അത്. പാർട്ടികളും അധികാരവുമല്ല, ജനാധിപത്യവും ജനങ്ങളുമാണ് വലുത്.