വിരമിക്കല്‍ ഉടനടിയില്ല: ധോണി
Friday, May 9, 2025 12:56 AM IST
ചെന്നൈ: വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് ഇന്ത്യന്‍ താരവും ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനുമായ എം.എസ്. ധോണി.
ഐപിഎല്‍ 2026 സീസണില്‍ കളിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് വിരമിക്കൽ സംബന്ധിച്ച് ധോണി മറുപടി നൽകിയത്. “വരുന്ന ആറ്, എട്ട് മാസങ്ങളില്‍ കഠിന പരിശീലനം നടത്തി ശരീരവും കായികക്ഷമതയും ട്വന്റി-20 കളിക്കാന്‍ അനുവദിക്കുമോ എന്ന് വിലയിരുത്തും. അതിനുശേഷമാണ് ഭാവിയെ കുറിച്ചുള്ള തീരുമാനം’’ - ധോണി വ്യക്തമാക്കി.
നാൽപ്പത്തിമൂന്നുകാരനായ ധോണി കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 2025 സീസൺ ഐപിഎല്ലിൽ ധോണിയുടെ ബാറ്റിംഗ് പൊസിഷനിലും ശൈലിയിലും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ധോണി വിരമിക്കണമെന്നും അതിനുള്ള സമയം അതിക്രമിച്ചതായും നിരവധി മുന്‍ താരങ്ങള്‍ തുറന്നടിച്ചു. അതേസമയം, പ്രതാപകാലത്തെ ധോണി ബ്രില്ല്യന്‍സ് ഈ സീസണിലെ പല മത്സരങ്ങളിലും വിക്കറ്റിനു പിന്നില്‍ കണ്ടു.
സീസണില്‍ നിലവിൽ അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. 12നു ഹോം ഗ്രൗണ്ടില്‍ രാജസ്ഥാനെതിരേയാണ് സിഎസ്കെയുടെ അടുത്ത മത്സരം.