ഇഞ്ചോടിഞ്ച് ഓറഞ്ച്
Friday, May 9, 2025 12:56 AM IST
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണില്‍ ടോപ് സ്കോററിനുള്ള ഓറഞ്ച് ക്യാപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം.
ലീഗ് റൗണ്ടില്‍ ഇന്നത്തേത് ഉള്‍പ്പെടെ 12 മത്സരങ്ങള്‍ മാത്രം ബാക്കില്നില്ക്കേ 500 റണ്‍സ് കടന്ന ബാറ്റര്‍മാര്‍ അഞ്ച്. അതില്‍ത്തന്നെ ഒന്നാം സ്ഥാനക്കാരനായ സൂര്യകുമാര്‍ യാദവും അഞ്ചാമനായ ജോസ് ബട്ലറിനും തമ്മിലുള്ള വ്യത്യാസം വെറും 10 റണ്‍സ് ആണെന്നതും ശ്രദ്ധേയം.
മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് 12 ഇന്നിംഗ്സില്‍ 510 റണ്‍സുമായാണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്ശന് (509), ശുഭ്മാന്‍ ഗില്‍ (508) എന്നിര്‍ ഒരു റണ്ണിന്റെ വീതം അകലത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
നാലാമതുള്ള റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിരാട് കോഹ്ലിക്ക് 505ഉം അഞ്ചാമനായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്ലറിന് 500ഉം റണ്‍സാണ് നിലവിലുള്ളത്. ലീഗ് റൗണ്ട്/സീസണ് കഴിയുമ്പോഴേക്കും 500+ റണ്‍സുള്ള ബാറ്റര്‍മാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
2018, 2023 സീസണില്‍ എട്ടു പേര്
ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ബാറ്റര്‍മാര്‍ 500ല്‍ അധികം റണ്‍സ് നേടിയത് 2018ലും 2023ലും. ഈ രണ്ടു സീസണിലും എട്ട് ബാറ്റര്‍മാര്‍ 500ല്‍ അധികം റണ്‍സ് സ്വന്തമാക്കി.
ഹൈദരാബാദിന്റെ കെയ്ന്‍ വില്യംസണ് (735), ഡല്‍ഹിയുടെ ഋഷഭ് പന്ത് (684), പഞ്ചാബിന്റെ കെ.എല്‍. രാഹുല്‍ (659), ചെന്നൈയുടെ അമ്പാട്ടി റായുഡു (602), ചെന്നൈയുടെ ഷെയ്ന് വാട്സണ് (555), രാജസ്ഥാന്റെ ജോസ് ബട്ലര് (548), ബംഗളൂരുവിന്റെ വിരാട് കോഹ്ലി (530), മുംബൈയുടെ സൂര്യകുമാര്‍ യദാവ് (512) എന്നിവരായിരുന്നു 2018 സീസണില്‍ 500ല്‍ അധികം റണ്‍സ് നേടിയത്.
2023ല്‍ ശുഭ്മാന്‍ ഗില്‍ (890-ഗുജറാത്ത്), ഫാഫ് ഡുപ്ലെസി (730-ബംഗളൂരു), ഡെവോണ്‍ കോണ്‍വെ (672-ചെന്നൈ), വിരാട് കോഹ്ലി (639-ബംഗളൂരു), യശസ്വി ജയ്സ്വാള്‍ (625-രാജസ്ഥാന്), സൂര്യകുമാര്‍ യാദവ് (605-മുംബൈ), ഋതുരാജ് ഗെയ്ക്വാദ് (590-ചെന്നൈ), ഡേവിഡ് വാര്‍ണര്‍ (516-ഡല്‍ഹി) എന്നിങ്ങനെ എട്ടു ബാറ്റര്‍മാര്‍ 500ല്‍ അധികം റണ്‍സ് നേടി.
2013, 2024 സീസണുകളില്‍ ഏഴു ബാറ്റര്‍മാര്‍ വീതം അഞ്ഞൂറില്‍ അധികം റണ്‍സ് നേടിയിട്ടുണ്ടെന്നതും ചരിത്രം.