തിരുവനന്തപുരം: ചില്ലറക്കാരനല്ല ഈ കള്ളന്‍. ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലാണു കലയിലും ജീവിതത്തിലും ഇയാളുടെ പ്രകടനങ്ങള്‍. സൈബര്‍ ലോകത്തും കള്ളന് ആരാധകര്‍ ഏറെ. യൂട്യൂബിലും വിവിധ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലും ഇയാളുടെ കലാപ്രകടനങ്ങള്‍ കണ്ടതു ലക്ഷങ്ങള്‍. ലൈക്കടിക്കാനും ഷെയര്‍ ചെയ്യാനും കാണികള്‍ വിമുഖത കാട്ടാത്തതുകൊണ്ട് കള്ളന്‍കഥകളില്‍ വീരചരിതം രചിക്കുകയാണു ബണ്ടി ചോര്‍ എന്നു വിളിപ്പേരുള്ള ദേവീന്ദര്‍ സിംഗ്.

തിരുവനന്തപുരത്തെ ഹൈടെക് കുബേര ഭവനത്തില്‍ നടത്തിയ കവര്‍ച്ച പുറംലോകം അറിഞ്ഞതിലൂടെയാണ് ബണ്ടി ചോറിന്റെ വീരകഥകള്‍ കേരളത്തില്‍ പരക്കാന്‍ തുടങ്ങിയത്. ബണ്ടി ചോറിന്റെ ജീവിതത്തെ ആസ്പദമാക്കി ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത് അഭയ് ദേവല്‍ നായകനായി അഭിനയിച്ച സിനിമ 'ഓയേ ലക്കി ലക്കി ഓയേ' ബോക്സ്ഓഫീസില്‍ വാരിക്കൂട്ടിയതു കോടികളാണ്. 2008-ലെ മികച്ച ജനപ്രിയ സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും സിനിമ നേടി. ഡല്‍ഹിയില്‍ ജീവിക്കുന്ന ഒരു കള്ളന്റെ സംഭവ ബഹുലമായ ജീവിതത്തിന്റെ ദൃശ്യാവിഷ്കാരം എന്ന മാര്‍ക്കറ്റിംഗ് വാചകത്തോടെയാണ് സിനിമ പുറത്തിറങ്ങിയത്. ഓണ്‍ലൈന്‍ എന്‍സൈക്ളോപീഡിയയായ വിക്കിപീഡിയയില്‍ എഴുതിയിട്ടുള്ള സിനിമാറിവ്യുവിലും കള്ളന്റെ ജീവിതത്തിനു സിനിമയുമായുള്ള ബന്ധം വിശദമായി പ്രതിപാദിക്കുന്നുണ്ട്.

കളേഴ്സ് ചാന ലിലെ ബിഗ്ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണിലെ താരവുമായിരുന്നു ബണ്ടി ചോര്‍. ഷോ യുടെ അപ്ലോഡഡ് വീഡിയോകള്‍ യുട്യൂബിലൂടെ കണ്ടതു ല ക്ഷക്കണക്കിനാളുകളാണ്. ഷോയിലെ ബണ്ടി ചോറിന്റെ പ്രകടനങ്ങള്‍ക്കു ലഭിക്കുന്ന ലൈക്കുകളുടെ എണ്ണവും അനവധിയാണ്. സോഷ്യല്‍ മീഡിയായ ഗൂഗിള്‍ പ്ളസിലും ഫെയ്സ് ബുക്കിലും നിരവധി പേര്‍ ഈ വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.


അങ്ങനെ ആകെക്കൂടി വെബ്ലോകത്തും ഒരു സൂപ്പര്‍ ഹീറോയുടെ ഇമേജാണ് ദേവീന്ദര്‍ സിംഗിന്. ലൈവ് ഇന്ത്യ ചാനലില്‍ ഈ കള്ളന്റെ കഥ സ്പെഷല്‍ ഷോയായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഓയേ ലക്കി ലക്കി ഓയേ എന്ന സിനിമയുടെ ജനപ്രീതിയാണ് സിനിമ സംബന്ധിയായ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ബണ്ടിചോറിന് അവസരം നല്‍കിയത്. ചര്‍ച്ചയില്‍ തന്റെ കഥയുമായി സിനിമ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു പോലും ഇയാള്‍ വിശദീകരിക്കുന്നുണ്ട്.

കാറുകള്‍ മോഷ്ടിച്ച് മുങ്ങുന്നതില്‍ വിരുതനാണ് ബണ്ടി ചോര്‍. പോലീസ് പിന്തുടര്‍ന്നപ്പോഴൊക്കെ ഇയാള്‍ അവരെ വെട്ടിച്ചുകടന്നു. മൂന്നുതവണ പോലീസിന്റെ പിടിയിലായെങ്കിലും തന്ത്രപരമായി പോലീസിനെ കബളിപ്പിച്ചു രക്ഷപ്പെട്ടു. അതിവേഗത്തില്‍ വാഹനം ഓടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ബണ്ടി ചോറിന് ഏറ്റവും പ്രിയമുള്ളത് ആഡംബര കാറുകളും വാച്ചുകളുമാണ്.

കാറുകളോടുള്ള ഭ്രമം പോലെതന്നെ സ്ത്രീവിഷയങ്ങളിലും ഇയാള്‍ വിരുതനാണ്. ഒറ്റയ്ക്കു മോഷണങ്ങള്‍ നടത്തുന്ന രീതിയാണ് ബണ്ടി ചോറിന്റേത്.

സിനിമയിലും ടെലിവിഷന്‍ ഷോകളിലും സൈബര്‍ലോകത്തും താരമായ ഈ കള്ളന്‍ ഒന്‍പതാം ക്ളാസില്‍ പഠനം അവസാനിപ്പിച്ചതാണ്. സ്വകാര്യ ഡിറ്റക്ടീവായി പ്രവര്‍ത്തിച്ച ഒരു കാലവുമുണ്ടായിരുന്നു ഈ കള്ളന്റെ ജീവിതത്തില്‍. റോബിന്‍ഹുഡിനെപ്പോലെ, വില്യം സറ്റണെപ്പോലെ കായംകുളം കൊച്ചുണ്ണിയെപ്പോലെ അതിശയോക്തി കലര്‍ന്ന കഥകളിലൂടെ വീരനായകന്റെ പരിവേഷത്തിലേക്ക് ഈ ഹൈടെക് കള്ളനും കാറോടിക്കുകയാണ്.