വിക്കി ഗ്രന്ഥശാല: ഡിജിറ്റൈസേഷന്‍ മത്സരം
Saturday, January 4, 2014 12:17 AM IST
സ്വന്തം ലേഖകന്‍
തൃശൂര്‍: മലയാള ഭാഷയിലെ അമൂല്യഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ പുനരുജ്ജീവനത്തിനായി സന്നദ്ധ കൂട്ടായ്മയായ വിക്കി ഗ്രന്ഥശാലാ സമൂഹം പുതുവത്സരാരംഭത്തില്‍ ഒരു ഡിജിറ്റലൈസേഷന്‍(ടൈപ്പിംഗും തെറ്റുതിരുത്തല്‍ വായനയും) മത്സരം സംഘടിപ്പിക്കും. വിക്കിഗ്രന്ഥശാല: ഡിജിറ്റലൈസേഷന്‍ മത്സരം 2014 എന്ന പേരിലാണു മത്സരം.
മലയാളത്തിലെ പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റല്‍ രൂപത്തില്‍ യൂണിക്കോഡില്‍ ലഭ്യമാക്കലും കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണു മത്സരം. വിക്കി ഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ പൊതുജനങ്ങളിലേക്കു കൂടുതല്‍ അടുപ്പിക്കുകയും മലയാള ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ രംഗത്തെ ലഭ്യത വര്‍ധിപ്പിക്കുകയുമാണു ലക്ഷ്യം.
വ്യക്തികള്‍ക്കും സ്കൂളുകള്‍ക്കും പ്രത്യേകമായി നടത്തുന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ടൈപ്പിംഗും തെറ്റുതിരുത്തല്‍ വായനയും നടത്തുന്ന വ്യക്തികള്‍ക്കും സ്കൂളുകള്‍ക്കും ഇ-ബുക്ക് റീഡറുകളും പുസ്തകങ്ങളും അടക്കം നിരവധി സമ്മാനങ്ങളുണ്ടാകും. കേരള സാഹിത്യ അക്കാദമി ഈയിടെ പുറത്തിറക്കിയ പൊതുസഞ്ചയത്തിലുള്ള പുസ്തകങ്ങളാണ് ഈ മത്സരത്തിന്റെ ആദ്യപടിയായി ഡിജിറ്റലൈസ് ചെയ്യുന്നത്.
സംക്ഷേപവേദാര്‍ഥം(1772), മലയാഴ്മയുടെ വ്യാകരണം(1863), ഹസ്തലക്ഷണ ദീപിക(1892) തുടങ്ങിയ ഗ്രന്ഥങ്ങളും അക്കാദമി ലഭ്യമാക്കിയ രസികരഞ്ജിനി, മംഗളോദയം തുടങ്ങിയ മാസികകളും അടക്കം 55ലധികം കൃതികള്‍ ആദ്യഘട്ടത്തില്‍ പദ്ധതിയിലുണ്ടാകും.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കു വിക്കി ഗ്രന്ഥശാലയില്‍ (ാഹ.ംശസശീൌൃരല.ീൃഴ) പ്രവേശിച്ചു പദ്ധതി താളില്‍നിന്ന് അംഗത്വമെടുക്കാം. മത്സരത്തിന്റെ വിശദാംശങ്ങളും നിയമാവലിയും ടൈപ്പ് ചെയ്യാവുന്ന പുസ്തകങ്ങളുടെ പട്ടികയും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ടൈപ്പ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പുസ്തകത്തില്‍ ക്ളിക്ക് ചെയ്തു മത്സരത്തിലേക്കു പ്രവേശിക്കാം. ഓരോ പേജിന്റെയും ഉള്ളടക്കം വലതുവശത്തും ടൈപ്പ് ചെയ്യേണ്ട ഭാഗം ഇടതുവശത്തും ഇതിനു താഴെയായി ഇതുവരെ ടൈപ്പ് ചെയ്യപ്പെട്ട പേജ് നമ്പറുകളും വിശദാംശങ്ങളും രേഖപ്പെടുത്തിയിരിക്കും. ജനുവരി ഒന്നിനു തുടങ്ങി 31 വരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന തരത്തിലാണു മത്സരം.
വിക്കിമീഡിയ ഫൌണ്േടഷന്റെ വിക്കിസോഴ്സ് പ്രോജക്ടിനു പത്തുവര്‍ഷം തികയുന്നതിനോട് അനുബന്ധിച്ചു മലയാളം വിക്കിസമൂഹത്തിന്റെ നേതൃത്വത്തില്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി, കേരള സാഹിത്യ അക്കാദമി, ഐടി@സ്കൂള്‍ പദ്ധതി, സ്വതന്ത്ര മലയാളം കംപ്യൂട്ടിംഗ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണു മത്സരം സംഘടിപ്പിക്കുന്നത്.
മാതൃഭാഷാസ്നേഹവും കംപ്യൂട്ടര്‍ പരിജ്ഞാനവും വര്‍ധിപ്പിച്ച്, ഭാഷാ കംപ്യൂട്ടിംഗില്‍ കൂടുതല്‍ ധാരണയുണ്ടാക്കാനും ഈ രംഗത്തെ സാമൂഹ്യ കൂട്ടായ്മകളുടെ ഭാഗമാകാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുംവിധമാണ് മത്സരം വിഭാവനം ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495576262 (കെ. മനോജ്, ജനറല്‍ കണ്‍വീനര്‍) എന്ന നമ്പറില്‍ ബന്ധപ്പെടാം.