കണ്ണൂരിൽ രണ്ടു പേരിൽനിന്ന് 1,300 ഗ്രാം സ്വർണം പിടികൂടി
Thursday, February 27, 2020 12:48 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട തുടരുന്നു. ഇന്നലെ കളിപ്പാട്ടങ്ങളിലും ശരീരത്തിലും ഒളിപ്പിച്ചുകടത്തിയ 1,300 ഗ്രാം തൂക്കംവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. ഇന്നലെ പുലർച്ചെ അഞ്ചിനു ദുബായിൽനിന്നു ഗോ എയർ വിമാനത്തിലെത്തിയ കാസർഗോഡ്, നാദാപുരം സ്വദേശികളിൽനിന്നാണു സ്വർണം പിടികൂടിയത്.
നാദാപുരം സ്വദേശി അബ്ദുൾ റഹ്മാനിൽനിന്ന് പേസ്റ്റ് രൂപത്തിലാക്കിയ 810 ഗ്രാം തൂക്കംവരുന്ന സ്വർണം ഗുളികരൂപത്തിലാക്കി ശരീരത്തിനുള്ളിൽ സൂക്ഷിച്ചനിലയിലും കാസർഗോഡ് സ്വദേശി ഷെരീഫ് അബ്ദുള്ളയിൽനിന്ന് 368 ഗ്രാം തൂക്കംവരുന്ന സ്വർണം കളിപ്പാട്ടങ്ങളിലും മറ്റും ഒളിപ്പിച്ചനിലയിലുമാണു പിടികൂടിയത്.
368 ഗ്രാം സ്വർണം ചെറിയ കഷണങ്ങളാക്കി ചാർജർ, മൈക്ക്, കളിപ്പാട്ടങ്ങൾ ഉൾപ്പെടെയുള്ള 11 സാധനങ്ങളിലായി ഒളിപ്പിച്ചനിലയിലായിരുന്നു. കസ്റ്റംസ് ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയ ഇരുവരെയും കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണു സ്വർണം കണ്ടെത്തിയത്. 20 ദിവസത്തിനുള്ളിൽ പത്തു പേരിൽനിന്നായി 10 കിലോഗ്രാം സ്വർണമാണു കസ്റ്റംസ് പിടികൂടിയത്. ദുബായ്, അബുദാബി, ദോഹ എന്നിവിടങ്ങളിൽനിന്നെത്തിയ യാത്രക്കാരിൽനിന്നാണു സ്വർണം പിടികൂടിയത്. കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദനൻ ഭട്ട്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, സന്ദീപ്, ഇൻസ്പെക്ടർമാരായ യദു കൃഷ്ണ, എൻ. അശോക് കുമാർ, കെ.രാജു, സോനിത് കുമാർ, മനീഷ് കുമാർ, ഹവിൽദാർമാരായ പി. ശ്രീരാജ്, സുമാവതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.