ചങ്ങാടത്തിൽ പുഴ മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഒന്‍പതംഗ ആദിവാസി സംഘം അദ്ഭുതകരമായി രക്ഷപ്പെട്ടു
Tuesday, September 22, 2020 1:00 AM IST
അടിമാലി: ചങ്ങാടത്തിൽ പുഴ മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് ഒഴുക്കിൽപ്പെട്ട ആദിവാസി വിഭാഗക്കാരായ ഒന്പതുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മാങ്കുളം കുറത്തിക്കുടിയിൽ ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ആറു മുതിർന്നവരും മൂന്നു കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്.
ചങ്ങാടത്തിൽ പുഴ മുറിച്ചുകടന്നു വനത്തിനുള്ളിൽനിന്നു മഞ്ഞക്കൂവ ശേഖരിച്ച് തിരികെ ഉൗരിലേക്കു വരുന്പോഴാണ് സംഘം കുത്തൊഴുക്കുള്ള പുഴയിൽ അപപടത്തിൽപ്പെട്ടത്. കരയുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി ചങ്ങാടം ഒഴുക്കിൽപ്പെടുകയായിരുന്നു.
ചങ്ങാടം ഒഴുകിവരുന്നതു ശ്രദ്ധയിൽപ്പെട്ട ഒരാൾ പുഴയിലിറങ്ങി അവസരോചിതമായി ഇടപെട്ടതിനാലാണ് ജീവൻ തിരികെ ലഭിച്ചതെന്നു രക്ഷപ്പെട്ടവർ പറഞ്ഞു. വിവരമറിഞ്ഞ് മാങ്കുളത്തുനിന്നുൾപ്പെടെയുള്ളവരും അടിമാലിയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റും പോലീസ് സേനാംഗങ്ങളും കുറത്തിക്കുടിയിലെത്തിയിരുന്നു. ആനക്കുളത്തുനിന്നും കുറത്തിക്കുടി വഴി ഒഴുകുന്ന പുഴയിലാണ് ചങ്ങാടം ഒഴുക്കിൽപ്പെട്ടത്.