കസ്റ്റംസ് എത്തിയപ്പോൾ കുഴഞ്ഞുവീണു; ഇന്നലെ നടന്നുവന്നു വാഹനത്തിലേക്ക്
Thursday, October 29, 2020 1:11 AM IST
തിരുവനന്തപുരം: ചോദ്യം ചെയ്യാനായി കഴിഞ്ഞ ദിവസം കസ്റ്റംസ് പൂജപ്പുരയിലെ വീട്ടിലെത്തി, അവരുടെ വാഹനത്തിൽ കയറ്റിയപ്പോൾ ശിവശങ്കർ കുഴഞ്ഞു വീണിരുന്നു. എന്നാൽ, ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ചോദ്യം ചെയ്യലിനായി അവരുടെ വാഹനത്തിൽ വരാമെന്ന് അറിയിച്ചത് ശിവശങ്കറായിരുന്നു.
ചോദ്യം ചെയ്യൽ നടപടിക്കായി ഇന്നലെ ശിവശങ്കർ ഒരുങ്ങിയിരിക്കുന്നതുപോലെയായിരുന്നു. ഇഡി ഉദ്യോഗസ്ഥർ ഇന്നലെ മറ്റൊരു വാഹനത്തിൽ കൊച്ചിയിലെ ഇഡി ഓഫിസിലെത്താൻ അനുമതി നൽകിയിരുന്നെങ്കിലും ഇഡി വാഹനത്തിൽതന്നെ കയറുകയായിരുന്നു. ചികിത്സയിലുള്ള ആയുർവേദാശുപത്രി അധികൃതരോട് ആരോഗ്യ സ്ഥിതി ചോദ്യം ചെയ്യലിന് അനുകൂലമാണോ എന്നത് അന്വേഷിച്ചത് അടക്കമുള്ള വിവരങ്ങൾ അദ്ദേഹത്തിനു മുൻകൂട്ടി ലഭിച്ചിരുന്നതായാണു വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കർ ഇന്നലെ തയാറെടുപ്പു നടത്തിയതെന്നാണു വിവരം.