കെഎസ്എഫ്ഇ നല്ലനിലയിൽ നടക്കുന്ന സ്ഥാപനം: വിജയരാഘവൻ
Monday, November 30, 2020 1:16 AM IST
തൃശൂർ: നല്ലനിലയിൽ നടക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇയെന്ന് എൽഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്നയാളുമായ എ. വിജയരാഘവൻ. വിജിലൻസ് പരിശോധന സംബന്ധിച്ച് ധനകാര്യമന്ത്രി അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റു ചിലരും അഭിപ്രായങ്ങൾ പറഞ്ഞു. എന്നാൽ പാർട്ടി കൂട്ടായി ആലോചന നടത്തിയിട്ടില്ല. തൃശൂർ പ്രസ് ക്ലബ്ബിന്റെ തെരഞ്ഞെടുപ്പ് സംവാദം “തദ്ദേശപ്പോര് 2020’’ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാർ കോഴയിൽ കെ.എം. മാണിയുടെ പങ്കിനെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ അപ്രസക്തമാണ്. ബാർ കോഴക്കേസിൽ മാണി വിശുദ്ധനാണോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുകയാണെന്ന ആരോപണത്തിൽ കഴന്പില്ല. പ്രതിപക്ഷ നേതാവിനെതിരെ പുറത്തുവന്ന പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശ്രീകേരളവർമ കോളജ് വൈസ് പ്രിൻസിപ്പലായി ഭാര്യ ഡോ. ആർ. ബിന്ദുവിനെ നിയമിച്ചതും തുടർന്നുണ്ടായ വിവാദവും താൻ പ്രതികരിക്കേണ്ട വിഷയമല്ലെന്നും നിയമാനുസൃതമാവാം അക്കാര്യത്തിൽ നടപടിയുണ്ടായത് എന്നു കരുതാമെന്നും വിജയരാഘവൻ പറഞ്ഞു.