മരുന്നു വീട്ടിലെത്തിച്ചു നൽകാൻ കാരുണ്യ അറ്റ് ഹോം പദ്ധതി
Tuesday, September 21, 2021 11:46 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വയോജനങ്ങൾക്കായി കൂടുതൽ ആശ്വാസ നടപടികളിലേക്ക് സാമൂഹ്യനീതി വകുപ്പ് കടക്കുകയാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. വിപുലമായ വയോജന സർവേ ഇതിന്റെ ഭാഗമായി നടത്തുമെന്ന് മന്ത്രി പറഞ്ഞു.
വയോജനങ്ങൾക്ക് മരുന്നു വീട്ടിലെത്തിച്ചു നൽകാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആഭിമുഖ്യത്തിൽ കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കും. കമ്പോള വിലയേക്കാൾ താഴ്ന്ന നിരക്കിൽ കാരുണ്യ ഫാർമസികളിൽ നിന്ന് മരുന്ന് എത്തിക്കും.
വയോജന ക്ലിനിക്കുകളും പ്രത്യേക ഒപികളും ആശുപത്രികളിൽ തുടങ്ങിയിട്ടുണ്ട്. ഇവ കൂടുതൽ ശക്തിപ്പെടുത്തും. മുതിർന്ന പൗരൻമാരുടെ പ്രധാന ആവശ്യങ്ങളായ കൃത്രിമ ദന്തങ്ങൾ, കൃത്രിമ ശ്രവണ സഹായികൾ വിതരണം ചെയ്യും.
സംസ്ഥാന, ജില്ല, പ്രാദേശിക തലങ്ങളിൽ വയോജന കൗൺസിലുകൾക്കു രൂപം നൽകും. വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ താലൂക്ക്, ജില്ല, മെഡിക്കൽ കോളജ് ആശുപത്രികളിൽ ജെറിയാട്രിക്സ് ക്ലിനിക്കുകൾ ആരംഭിക്കും. പ്രായമായ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.