കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.കെ. കണ്ണനെ ഇഡി ചോദ്യം ചെയ്തു
Tuesday, September 26, 2023 6:57 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തൃശൂര്‍ സഹകരണ ബാങ്ക്പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റയംഗവുമായ എം.കെ. കണ്ണനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്തു. തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി അറസ്റ്റിലായ പി. സതീഷ് കുമാര്‍ മിക്ക ഇടപാടും നടത്തിയിട്ടുള്ളതെന്നതിനാലാണ് എം.കെ. കണ്ണനെ ചോദ്യം ചെയ്തത്.
ഇഡിയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ഇന്നലെ രാവിലെ 11ന് കൊച്ചി ഓഫീസില്‍ ഹാജരായ കണ്ണൻ രാത്രി ഏഴോടെ തൃശൂരിലേക്കു മടങ്ങി. വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തൃശൂര്‍ കോ-ഓപറേറ്റീവ് ബാങ്കില്‍ കഴിഞ്ഞ ദിവസം 17 മണിക്കൂറോളം നടത്തിയ റെയിഡില്‍ കോടികളുടെ ഇടപാട് രേഖകള്‍ ഇഡി പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തേടാനാണ് എം.കെ. കണ്ണനെ വിളിച്ചുവരുത്തിയതെന്ന് ഇഡി വ്യക്തമാക്കി.
എം.കെ. കണ്ണനെ കൂടാതെ പി.സതീഷ്കുമാറിന്റെ സഹോദരന് ശ്രീജിത്തിനെയും ഇന്നലെഇഡിചോദ്യം ചെയ്തു.