മുസ്തഫയുടെ രാജിയുടെ കാരണം വ്യക്തമാക്കണം”;ആവശ്യവുമായി ചെറിയാൻ ഫിലിപ്പ്
Sunday, May 26, 2024 1:02 AM IST
കാസർഗോഡ്: എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിപിഎം കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗം വി.പി.പി. മുസ്തഫ മാസങ്ങൾക്കു മുമ്പ് രാജിവയ്ക്കാനിടയായതിന്റെ കാരണം സിപിഎം നേതൃത്വം വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. മുസ്തഫയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർഗോട്ട് മത്സരിപ്പിക്കാൻ രാജിവയ്പിച്ചതാണെന്നായിരുന്നു അന്നത്തെ പ്രചാരണം.
എന്നാൽ, സ്ഥാനാർഥിനിർണയത്തിന്റെ ഒരു ഘട്ടത്തിലും മുസ്തഫയെ പരിഗണിച്ചിരുന്നില്ലെന്നും മലബാറിലെ ചില ബാറുടമകളുമായുള്ള വഴിവിട്ട ബന്ധത്തെത്തുടർന്നാണ് മുസ്തഫയെ പുറത്താക്കിയതെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
അതേസമയം, മന്ത്രിയുടെ ഓഫീസിലിരുന്ന് താൻ തെറ്റായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ സിപിഎം തന്നെ പാർട്ടിയിൽനിന്ന് പുറത്തേക്കായിരിക്കും പറഞ്ഞുവിടുകയെന്നും താൻ ഇപ്പോഴും പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗവും ചാനൽ ചർച്ചകളിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്ന ആളുമാണെന്നും മുസ്തഫ മറുപടി നല്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് നിയമസഭാ മണ്ഡലത്തിന്റെയും നവമാധ്യമ പ്രവർത്തനങ്ങളുടെയും ചുമതലയും തനിക്കുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തമായ തെളിവുകളോടെ ആരോപണം ഉന്നയിക്കാൻ ചെറിയാൻ ഫിലിപ്പിനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എം.വി. ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്ന കാലം മുതൽ തന്നെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആളാണ് വി.പി.പി. മുസ്തഫ.