പാതിരാത്രിയിൽ പോലീസ് നരനായാട്ട്
Thursday, February 6, 2025 6:11 AM IST
പത്തനംതിട്ട: പാതിരാത്രിയിൽ പത്തനംതിട്ട നഗരത്തിൽ സ്ത്രീകള്‍ അടക്കമുള്ള വിവാഹസംഘത്തിലെ ആളുകളെ അകാരണമായി പോലീസ് തല്ലിച്ചതച്ചു. സംഭവത്തിൽ എസ്ഐ അടക്കം മൂന്നു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ജെ.യു. ജിനു, സിപിഒമാരായ ജോബിന് ജോസഫ്, അഷ്ഫാക് എന്നിവര്‍ക്കെതിരേയാണ് നടപടി. മൂന്നു പേര്‍ക്കുമെതിരേ കേസും എടുത്തിട്ടുണ്ട്.
മുണ്ടക്കയം പുഞ്ചവയല്‍ കുളത്താശേരിയില്‍ ശ്രീജിത്ത് (34), ഭാര്യ എരുമേലി നോര്‍ത്ത് തുലാപ്പളളി ചെളിക്കുഴിയില്‍ സി.ടി. സിതാരമോള്‍ (31), ആലപ്പുഴ നെഹ്റു ട്രോഫി വാര്‍ഡില്‍ ഷിജിന് (35) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ പത്തനംതിട്ട അബാൻ ജംഗ്ഷനിൽ മഫ്തിലിയെത്തിയ പത്തനംതിട്ട എസ്ഐയും സംഘവും പൊതിരെ തല്ലിയത്.
അടൂരില്‍ സിതാരയുടെ സഹോദരന്റെ മകളുടെ വിവാഹ സത്കാര ചടങ്ങില്‍ പങ്കെടുത്ത് ട്രാവലറില്‍ മടങ്ങിയ സംഘത്തിനു നേരേയായിരുന്നു പോലീസ് അതിക്രമം.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മലയാലപ്പുഴ പുതുക്കുളം സ്വദേശിയെ കൂട്ടിക്കൊണ്ടു പോകാന്‍ ഭര്‍ത്താവ് എത്തി അബാന്‍ ജംഗ്ഷനില്‍ കാത്തുനിന്നിരുന്നു. ഇവരെ ഇറക്കാന്‍ വാഹനം റോഡരികിൽ നിര്‍ത്തിയപ്പോള്‍ യുവതി അടക്കം അഞ്ചു പേര് പുറത്തിറങ്ങി നിന്നു. സെല്‍ഫി എടുപ്പും മറ്റുമായി റോഡരികില്‍ നിന്ന ഇവരെ പാഞ്ഞെത്തിയ പോലീസ് വാഹനത്തില്‍നിന്ന് ചാടിയിറങ്ങിയ എസ്ഐയും സംഘവും പൊതിരെ തല്ലുകയായിരുന്നു.
ഓടെടാ എന്നു പറഞ്ഞ് പിന്നാലെ ചെന്ന് എല്ലാവരെയും തല്ലി. ഇതിനിടെ സിതാരയക്ക് മര്‍ദനം ഏല്‍ക്കാതിരിക്കാന്‍ സഹോദരനായ ഷിജിന് ശ്രമിച്ചു. പോലീസിനെ ഭയന്നോടിയ സിതാര വീണു. ഇവരെ നിലത്തിട്ട് ബൂട്ടിനു ചവിട്ടിയെന്നും പറയുന്നു. സിതാരയുടെ തോളെല്ലിനു പൊട്ടലുണ്ട്.
ശ്രീജിത്തിന്റെ തലയ്ക്കാണ് പൊട്ടല്‍. ഷിജിന് ദേഹമാസകലം അടിയേറ്റു. എന്തിനാണ് വെറുതെ നിന്നവരെ തല്ലുന്നതെന്നു ചോദിച്ച ശ്രീജിത്തിനും അടി കിട്ടി. ഏതാനും മിനിട്ടുകള്‍ നീണ്ട മിന്നലാക്രമണത്തിന് ശേഷം പോലീസ് സംഘം മടങ്ങിപ്പോകുകയും ചെയ്തു. പരിക്കേറ്റവരെ അവര്‍ വന്ന വാഹനത്തില്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. രാത്രിയിൽ തന്നെ എസ്പി അടക്കമുള്ള ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും രാവിലെ മാത്രമാണ് പോലീസ് മൊഴി രേഖപ്പെടുത്താനെത്തിയത്. പിന്നാലെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ പോലീസ് കൂടുതൽ പ്രതിരോധത്തിലായി.
സംഭവത്തിൽ ദക്ഷിണമേഖലാ ഡിഐജി ജില്ലാ പോലീസ് മേധാവിയിൽനിന്നു റിപ്പോർട്ട് തേടിയതിനു പിന്നാലെ എസ്ഐയെ പത്തനംതിട്ടയിൽനിന്നു സ്ഥലംമാറ്റി ഉത്തരവിറങ്ങി. വൈകുന്നേരത്തോടെയാണ് സസ്പെൻഷൻ ഉണ്ടായത്. ഇതിനിടെ എഫ്ഐആറിൽ പോലീസ് ഉദ്യോഗസ്ഥരുടെ പേര് മറച്ചുവച്ചാണ് തയാറാക്കിയത്.
അബാൻ ജംഗ്ഷനിലെ ബാറിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നതിനാൽ അന്വേഷിച്ചെത്തിയതാണ് പോലീസെന്ന് പറയുന്നു.
ബാറിൽ സംഘർഷമുണ്ടാക്കിയവരാണ് വാഹനത്തിനു സമീപം നിൽക്കുന്നതെന്നു ധരിച്ചാണ് ഇവരെ ഓടിച്ചതെന്നാണ് അനൗദ്യോഗിക വിശദീകരണം. ബാറിലെ സംഘർഷവുമായി ബന്ധപ്പെട്ട് മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ട്.