കേന്ദ്രനിയമത്തിൽ ഇളവും ജനങ്ങളുടെ പിന്തുണയും വേണം: മന്ത്രി എം.ബി. രാജേഷ്
Tuesday, May 13, 2025 6:23 PM IST
കണ്ണൂർ: തെരുവുനായ നിയന്ത്രണം കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ ആനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്ര നിയമത്തിൽ കൂടുതൽ ഇളവും എബിസി സെന്റർ സ്ഥാപിക്കുന്നതിൽ ജനങ്ങളുടെ പിന്തുണയും വേണമെന്നു മന്ത്രി എം.ബി. രാജേഷ്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വന്ധ്യംകരണ സംവിധാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ഇളവുകൾ വേണമെന്ന് സംസ്ഥാനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇളവുകൾ നൽകുന്നതിനു പകരം നിയമം കൂടുതൽ കർശനമാക്കുകയാണു ചെയ്തത്.
എവിടെയെങ്കിലും എബിസി കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്പോൾതന്നെ ജനം എതിർപ്പുമായി രംഗത്തുവരികയാണ്. തെരുവുനായകളെ നിയന്ത്രിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്പോൾതന്നെ തങ്ങളുടെ പ്രദേശത്ത് എബിസി കേന്ദ്രം വേണ്ടെന്ന നിലപാടാണു ജനം പുലർത്തുന്നത്.
എല്ലാവർക്കും തെരുവുനായകളുടെ നിയന്ത്രണം ആവശ്യമാണ്. എന്നാൽ, ഇതിനുകൂലമായ നിലപാടുകൾ എടുക്കാൻ തയാറാകുന്നുമില്ല. ഈ മാനസികാവസ്ഥ മാറണം. തെരുവുനായകളുടെ എണ്ണമെടുക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. നിലവിലെ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി തെരുവുനായകളുടെ വന്ധ്യംകരണം നടത്തി നിയന്ത്രണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.