നാടിന്റെ പുരോഗതി മറച്ചുവയ്ക്കാന്‍ ശ്രമം: മുഖ്യമന്ത്രി
Tuesday, May 13, 2025 6:23 PM IST
കോഴിക്കോട്: ഇടതുസര്‍ക്കാര്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സംസ്ഥാനം സര്‍വ മേഖലകളിലും വലിയ പുരോഗതി കൈവരിച്ചു. എന്നാല്‍, യഥാര്‍ഥ ചിത്രം ജനങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും അവതരിപ്പിക്കപ്പെടുന്നില്ല. യഥാര്‍ഥ ചിത്രം മറച്ചുവച്ച് മറ്റൊരു ചിത്രം അവതരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. നാടിന്റെ പുരോഗതി മറച്ചുവയ്ക്കാനാണ് ശ്രമം.
സാമ്പത്തിക പ്രതിസന്ധികള്‍ കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ തടസം നേരിടുന്നതായാണു പ്രചാരണം. എന്നാല്‍ വസ്തുത ഇതല്ലെന്ന് സമൂഹത്തിലെ മാറ്റങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് ബോധ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം ആധുനിക വിജ്ഞാന ഉത്പാദന കേന്ദ്രമായി മാറി. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനു പുറമേ 200 കോടി വീതം ചെലവിട്ട് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഐടി പാര്‍ക്കുകളിലെ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കാനായി. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കേരളം ലോകത്തിനാകെ മാതൃകയാണിന്ന്. 3000 സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് 6,300 ആയി വര്‍ധിച്ചു.
5800 കോടിയുടെ നിക്ഷേപവും 60,000 തൊഴിലവസരങ്ങളും ഇതുവഴി സാധ്യമായി. ദേശീയ തലത്തില്‍ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ഗ്രഫീന്‍ ഇന്നൊവേഷന് സെന്റര്‍, കൊച്ചി വാട്ടര്‍ മെട്രൊ, തിരുവനന്തപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാം കേരളത്തിന്റെ സംഭാവനകളാണ്. ഇന്നൊവേഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജിനോം ഡാറ്റ സെന്റര്‍, മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ തയാറെടുപ്പുകള്‍ നടന്നുവരുന്നു-മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന്, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വി.കെ. രാമചന്ദ്രന്, മേയര്‍ ഡോ. ബീന ഫിലിപ്പ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.