ഇതു പിച്ചച്ചട്ടിയിൽ കൈയിട്ടുവാരൽ: ഫാം
Tuesday, May 13, 2025 7:16 PM IST
കൊച്ചി: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ അവകാശികൾക്കു നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് വന്യമൃഗങ്ങൾ കൊന്നുതള്ളുന്ന പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്നതിനു തുല്യമാണെന്ന് അവയർനെസ് റിവൈവൽ മൂവ്മെൻറ്റ് (ഫാം) കുറ്റപ്പെടുത്തി.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ അവകാശികൾക്കു 2018 മുതൽ സർക്കാർ പത്ത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്കിവന്നിരുന്നത്. അത് 1980 ലെ ‘കേരളാ റൂൾസ് ഫോർ പെയ്മെന്റ് ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് ആനിമൽസ്’ ചട്ടങ്ങളിലെ 3,4 & 5 വകുപ്പുകൾ പ്രകാരമായിരുന്നു.
പിന്നീട് സംസ്ഥാനത്ത് വലിയതോതിൽ വന്യജീവി ആക്രമണം വർധിച്ചുവന്ന സാഹചര്യത്തിൽ 2024 മാർച്ചിൽ വന്യജീവി ആക്രമണങ്ങളെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും ദുരന്ത പ്രതികരണ നിധിയിൽ നിന്നും നാല് ലക്ഷം രൂപ കൂടി ഇത്തരം മരണങ്ങൾക്ക് നഷ്ടപരിഹാരമായി കൊടുക്കാൻ സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നു.
അതാകട്ടെ, ഇന്ത്യയിൽ ആദ്യമായാണ് വന്യജീവി ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതെന്ന് വ്യാപക മായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഉത്തരവ് ഇറങ്ങി ഒരുവർഷം കഴിഞ്ഞിട്ടും ആർക്കുംതന്നെ ദുരന്ത പ്രതികരണ നിധിയിൽനിന്നു നാല് ലക്ഷം രൂപ അനുവദിച്ചിരുന്നില്ല. കൂടാതെ കേന്ദ്രം 2023 മുതൽ സംസ്ഥാനങ്ങൾക്ക് ഇതിനായി അനുവദിക്കുന്ന പത്തുലക്ഷം രൂപയും സർക്കാർ കൊടുത്തിരുന്നില്ല.
വന്യജീവി ആക്രമണത്തിൽ പിതാവ് നഷ്ടപ്പെട്ട എറണാകുളം ജില്ലയിലെ പിണവൂർക്കുടി സ്വദേശി സന്ദീപ് തനിക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്ന കാരണത്താൽ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കോടതി അമിക്കസ് ക്യൂറിമാരെ നിയമിച്ചിരുന്നു. ഇപ്പോൾതന്നെ സർക്കാർ അർഹതപ്പെട്ട നഷ്ട പരിഹാരം കൊടുക്കുന്നില്ല എന്ന വിശദമായ റിപ്പോർട്ടാണ് കോടതിയിൽ കൊടുത്തിരിക്കുന്നത്. മധ്യവേനൽ അവധികഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സർക്കാർ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
മന്ത്രിമാർക്കും എംഎൽഎമാർക്കും മുൻകാല പ്രാബല്യത്തിൽ ശമ്പളം പരിഷ്കരിക്കുന്ന ജനകീയ സർക്കാരാണ് മലയോര മേഖലയിൽ വന്യമൃഗങ്ങൾ കൊന്നുതള്ളുന്ന പാവങ്ങളോട് ഈ ചതി കാണിക്കുന്നതെന്ന് ഫാം ആദിവാസി വിഭാഗം എറണാകുളം ജില്ലാസെക്രട്ടറി സന്ദീപ് ചൂണ്ടിക്കാട്ടി. ഈ നീതികേട് കോടതിയിൽ ചോദ്യംചെയ്യുമെന്ന് ഫാം ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസും പറഞ്ഞു.