എടത്വ പള്ളിയില്‍ എട്ടാമിടം ഇന്ന്
Tuesday, May 13, 2025 7:16 PM IST
എടത്വ: ഭക്തലക്ഷങ്ങള്‍ക്കു പ്രാര്‍ഥനാ സാഫല്യമായി ദക്ഷിണേന്ത്യയിലെ പ്രശസ്ത തീര്‍ഥാടനകേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയിലെ തിരുനാള്‍ ഇന്ന് സമാപിക്കും.
എട്ടാമിടമായ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് റവ. ഡോ. സ്കറിയാ കന്യാകോണിലിന്റെ കാര്‍മികത്വത്തിൽ മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന. തുടർന്ന് കുരിശടിയിലേക്ക് പ്രദക്ഷിണം. ഫാ. ജോസഫ് മുണ്ടുവേലില് കാര്‍മികത്വം വഹിക്കും.
പ്രദക്ഷിണം പള്ളിയുടെ വടക്കേപാലം കടന്ന് മാര്‍ക്കറ്റ് ചുറ്റി തിരുവല്ല-അമ്പലപ്പുഴ റോഡിലുള്ള കുരിശടിയിലെത്തുമ്പോള്‍ വിശുദ്ധന്റെ ചെറിയ രൂപത്തില്‍ വിശ്വാസികള്‍ വെറ്റിലയും പൂമാലകളും നോട്ടുമാലകളും അര്‍പ്പിക്കും. തുടര്‍ന്ന് പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ശേഷം കുരിശടി ചുറ്റി തിരികെ പള്ളിപ്പാലം വഴി പള്ളിക്കു മുന്നിലെത്തുമ്പോള്‍ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ കൊടിയിറക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം രാത്രി 9.30 ന് നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ സമാപിക്കും.
രാവിലെ 5.30 ന് ഫാ. ഏലിയാസ് കരികണ്ടത്തിലിന്റെ കാര്‍മികത്വത്തില്‍ മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന. 7.30 ന് ഫാ. മാര്ട്ടിന് തൈപറമ്പിലിന്റെ കാര്‍മികത്വത്തില്‍ മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാനയും ഉണ്ടാകും. 10ന് നടക്കുന്ന ആഘോഷമായ റാസ കുര്‍ബാനയ്ക്ക് ഫാ. സ്കറിയാ പറപ്പള്ളില്‍ കാര്‍മികനാകും. ഫാ. മാത്യു പുഞ്ചയില്‍ വചനസന്ദേശം നല്‍കും.