ഷീല സണ്ണി വ്യാജലഹരിക്കേസ് ആസൂത്രണത്തിനു പിന്നിൽ ലിവിയ
Tuesday, May 13, 2025 7:17 PM IST
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ സംഭവത്തിന്റെ ആസൂത്രണത്തിനു പിന്നിൽ ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസ് ആണെന്നു പ്രത്യേക അന്വേഷണസംഘം.
മരുമകളുമായി ഷീല സണ്ണിക്കുണ്ടായിരുന്ന പ്രശ്നങ്ങളാണ് കൃത്യത്തിനു കാരണം. പ്രതി നാരായണ ദാസിനെയും ഷീല സണ്ണിയുടെ മരുമകളെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യംചെയ്തതോടെ ലിവിയയുടെ പങ്കാളിത്തം നാരായണദാസ് വെളിപ്പെടുത്തുകയായിരുന്നു.
ഷീല സണ്ണിയുടെ സ്കൂട്ടറിലും ബാഗിലും ലിവിയ ജോസാണ് വ്യാജ ലഹരിമരുന്ന് വച്ചത്. ഇതിന്റെ ഫോട്ടോ നാരായണദാസിന് അയച്ചുനൽകി. തുടർന്നു നാരായണദാസ് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനെ വിവരം അറിയിച്ചതോടെയാണ് റെയ്ഡ് നടന്നത്.
റെയ്ഡ് നടക്കുന്പോൾ ബ്യൂട്ടി പാർലറിനു സമീപത്തുതന്നെ ലിവിയ ഉണ്ടായിരുന്നുവെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
വിദേശത്തേക്കു കടന്ന ലിവിയയെ നാട്ടിലെത്തിക്കാൻ അന്വേഷണസംഘം ശ്രമം തുടങ്ങിയിട്ടുണ്ട്.
72 ദിവസമാണ് വ്യാജ ലഹരിക്കേസിൽ ഷീല ജയിലിൽ കഴിഞ്ഞത്. ലഹരി സ്റ്റാമ്പുകൾ ഷീലയുടെ ബാഗിൽ വയ്ക്കുകയും പിന്നീട് എക്സൈസിനെക്കൊണ്ട് പിടിപ്പിക്കുകയുമായിരുന്നു എന്നാണ് കണ്ടെത്തൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് നാരായണദാസ് പിടിയിലായത്. നാരായണദാസ് പോലീസ് കസ്റ്റഡിയിലാണ്.