മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് ജനാധിപത്യ അതിജീവന യാത്രയ്ക്കു നേരേ കല്ലേറ്; സംഘർഷം
Thursday, May 15, 2025 1:09 AM IST
മലപ്പട്ടം (കണ്ണൂർ): യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ പറന്പിലെ ഗാന്ധി സ്തൂപം തകർക്കുകയും വീടാക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ അഡുവാപ്പുറത്ത് നിന്ന് മലപ്പട്ടത്തേക്ക് നടത്തിയ ജനാധിപത്യ അതിജീവന യാത്രയിലും സമാപന സമ്മേളനത്തിലും സംഘർഷം.
ജാഥയക്ക് നേരെ മലപ്പട്ടം ടൗണിൽ വച്ച് സിപിഎം പ്രവർത്തകർ കല്ലേറ് നടത്തി. സംഘർഷത്തെ തുടർന്ന് ഇരുവിഭാഗവും പരസ്പരം കൊടികെട്ടിയ വടികളും കുപ്പികളും കല്ലുകളും എറിഞ്ഞു. പോലീസ് ലാത്തിവീശി ഇരുപക്ഷത്തെയും വിരട്ടിയോടിച്ചാണ് സംഘർഷം ലഘൂകരിച്ചത്.
സിപിഎം സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും ഗാന്ധി നിന്ദ നടത്തുകയണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ജനാധിപത്യ അതീജീവന യാത്ര നടത്തിയത്. ജാഥയുടെ ഫ്ലാഗ് ഓഫ് അഡുവാപ്പുറത്ത് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നിർവഹിച്ചു. യാത്ര മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ആദ്യ സംഘർഷമുണ്ടായത്.
മലപ്പട്ടം ടൗണിലെ സിപിഎം ഓഫീസായ എ. കുഞ്ഞികണ്ണൻ സ്മാരകമന്ദിരത്തിന് മുന്നിൽ തമ്പടിച്ച ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് കൊടികെട്ടിയ കമ്പുകൾ പരസ്പരം എറിഞ്ഞതോടെയാണ് സംഘർഷമാരംഭിച്ചത്.
ഇരുവിഭാഗത്തിനും നടുവിൽ നിന്ന് സംഘർഷം നിയന്ത്രിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ലാത്തി വീശി വിരട്ടി ഓടിക്കുകയായിരുന്നു. തുടർന്ന് ജാഥ ടൗണിലെത്തി പൊതുസമ്മേളനം ആരംഭിക്കാനിരിക്കെയാണ് രണ്ടാമതും സംഘർഷം ഉടലെടുത്തത്.
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനായി മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ഉൾപ്പടെയുള്ളവർ വേദിയിലെത്തിയപ്പോൾ ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് ഓഫായി. തുടർന്ന് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യാനിരിക്കെ പ്രദേശത്ത് സംഘടിച്ച് നിന്ന സിപിഎം പ്രവർത്തകർ കൂക്കിവിളിച്ചതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇത് ചോദ്യം ചെയ്തു. സംഘർഷത്തിനിടെ റോഡരികിൽ നിർത്തിയിട്ട് ഏതാനും വാഹനങ്ങൾ തകർത്തു. സംഘർഷത്തിനിടെ ഇരുവിഭാഗത്തിലുള്ളവർക്കും പോലീസ് സേനാംഗങ്ങൾക്കും പരിക്കേറ്റു.
ഒടുവിൽ സമ്മേളനം പൂർത്തിയാക്കി രാഹുൽ മാങ്കൂട്ടത്തിൽ മടങ്ങാനൊരുങ്ങവേ വീണ്ടും കൂക്കി വിളികളും കൈയേറ്റ ശ്രമവും നടന്നു. പോലീസ് രാഹുൽ മാക്കൂട്ടത്തിലിനോട് എത്രയും പെട്ടെന്ന് മടങ്ങണമെന്ന് നിർദേശിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തു. പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവുമുണ്ടായി.