മാൻ ചത്ത സംഭവം: കസ്റ്റഡിയിലെടുത്ത സ്കാനിയ ബസ് ഇന്ന് പുറത്തിറങ്ങും
Thursday, May 15, 2025 1:09 AM IST
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ കെഎസ്ആർടിസി സ്കാനിയ ബസിടിച്ച് മാൻ ചത്ത സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ബസ് ഇന്ന് പുറത്തിറങ്ങും.
സുൽത്താൻ ബത്തേരി ജഐഫ്സിഎം കോടതിയിൽനിന്ന് ഇന്നു റിലീസിംഗ് ഓർഡർ കിട്ടുന്നതോടെ ബസ് പുറത്തിറക്കാനാകും.
ഇന്നലെ ഇതിനാവശ്യമായ എല്ലാ രേഖകളും കോടതിയിൽ ഹാജരാക്കി. ചൊവ്വാഴ്ച 13 ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ചിരുന്നു. മൂന്നാഴ്ചയിലേറെയായി ബത്തേരി കുപ്പാടിയിലെ വനംവകുപ്പിന്റെ ആർആർടി റേഞ്ച് ഓഫീസ് വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന ബസ് പുറത്തിറക്കി ഡിപ്പോയിലേക്കു മാറ്റും. ബംപറിനും ചക്രങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ബസ് സർവീസിന് സജ്ജമാണോയെന്ന പരിശോധന ന ടത്തി കേടുപാടുകളുണ്ടെങ്കിൽ പരിഹരിച്ച് ഇന്നുതന്നെ സർവീസ് നടത്താനാണു കെഎസ്ആർടിസി അധികൃതരുടെ തീരുമാനം.