പരിശോധനയ്ക്ക് ഇനി ശരവേഗം; സിയാൽ 2.0 ഉദ്ഘാടനം 19 ന്
Thursday, May 15, 2025 1:09 AM IST
നെടുന്പാശേരി: യാത്രക്കാരുടെ ദേഹപരിശോധന, ബാഗേജ് നീക്കം എന്നിവ അതിവേഗത്തിലാക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ ) സമ്പൂർണ ഡിജിറ്റൽവത്കരണത്തിലേക്ക്.
ഇതിനായി ‘സിയാൽ 2.0’ എന്ന ബൃഹദ് പദ്ധതി യാഥാർഥ്യമാകുന്നു. നിർമിത ബുദ്ധി, ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂടെയാണു സിയാൽ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്നത് . ഇതുവഴി യാത്രക്കാരുടെ സുരക്ഷാപരിശോധന എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും.
200 കോടി രൂപ മുതൽമുടക്കുള്ള ഈ പദ്ധതി 19 ന് വൈകുന്നേരം അഞ്ചിന് സിയാൽ കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും . സൈബർ ഡിഫൻസ് ഓപ്പറേഷൻ സെന്റർ (സി - ഡോക് ) പ്രവർത്തനസജ്ജമാകുന്നതോടെ ഓൺലൈൻ സംവിധാനങ്ങളുടെ സെർവറുകളും സൈബർ സുരക്ഷാസാങ്കേതിക വിദ്യയും തദ്ദേശീയമായി തന്നെ കൈകാര്യം ചെയ്യാൻ കഴിയും. സൈബർ ഭീഷണികളെ നിരന്തരം നിരീക്ഷിച്ചു നിർവീര്യമാക്കാനുള്ള ശേഷിയും ഇതിനുണ്ട്. വിദേശത്തുനിന്ന് ഉണ്ടാകുന്ന വിവിധ ഓൺലൈൻ അതിക്രമങ്ങളെ പ്രതിരോധിക്കാനും കഴിയും.
ഫുൾ ബോഡി സ്കാനറുകൾ, സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കാര്യക്ഷമമായ പരിശോധനയ്ക്കു പ്രയോജനപ്പെടും. ബാഗേജുകളുടെ നീക്കം വേഗത്തിലാക്കാൻ ഓട്ടോമേറ്റഡ് ട്രേ റിട്രീവൽ സിസ്റ്റം സ്ഥാപിക്കുന്നതാണ്. എഐ അധിഷ്ഠിത നിരീക്ഷണസംവിധാനം ഓപ്പറേഷണൽ മേഖലയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കും .
നിർമിതബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 4000 കാമറകൾ ഇതിനായി സ്ഥാപിക്കും. സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കാൻ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സിസ്റ്റം ആധുനികവത്കരിക്കും.
നിലവിലുള്ള എയർപോർട്ട് ഓപ്പറേഷണൽ സംവിധാനങ്ങളെല്ലാം ഇതനുസരിച്ച് പുനഃക്രമീകരിക്കും . എഐ അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ് ഫോം , ലഗേജ് ട്രാക്കിംഗ് , ഫേഷൽ ചെക്ക്, പ്രീപെയ്ഡ് ടാക്സി ബുക്കിംഗ് കിയോസ്ക്, ലോസ്റ്റ് ഐറ്റം ട്രാക്കർ, ഡീജി യാത്രാ സംവിധാനം എന്നിവയാണ് പുതിയതായി ഒരുക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് അറിയിച്ചു.
ഉദ്ഘാടനം നടക്കുന്ന സിയാൽ കൺവൻഷൻ സെന്ററിൽ അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 മുതൽ രാത്രി 8.30 വരെ എയ്റോ ഡിജിറ്റൽ സമ്മിറ്റ് ഉണ്ടായിരിക്കും.