ട്രഷറി സേവിംഗ്സിൽ തടസം: സാങ്കേതിക തകരാറെന്ന് ആർബിഐ
Thursday, May 15, 2025 1:19 AM IST
തിരുവനന്തപുരം: ട്രഷറി സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് ഓണ്‍ലൈനായി ട്രാൻസ്ഫർ ചെയ്ത തുകകൾ ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ക്രെഡിറ്റ് ആകാത്തത് ആർബിഐ നെറ്റ്വർക്കിലെ തടസംമൂലം.
കഴിഞ്ഞ ദിവസങ്ങളിൽ ടിഎസ്ബി അക്കൗണ്ട് ഉടമകൾ ഓണ്‍ലൈനായി നടത്തിയ ഇടപാടുകൾ പൂർത്തീകരിക്കാത്തത് തങ്ങളുടെ നിയന്ത്രണത്തിലുള്ള സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലമാണെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ആർബിഐ പണിമിടപാടുകൾ കൈകാര്യം ചെയ്യുന്ന നെറ്റുവർക്കായ ഇകുബേറിന്റെ സുരക്ഷാ സംവിധാനത്തിലുണ്ടായ പ്രശ്നങ്ങളാണ് ഓണ്‍ലൈൻ ട്രാൻസ്ഫറുകളിൽ പണം ക്രെഡിറ്റ് ചെയ്യാപ്പെടാത്തതെന്നാണ് ബാങ്കിന്റെ ഉന്നത വൃത്തങ്ങൾ അറിയിച്ചത്.
ടിഎസ്ബി അക്കൗണ്ടുകളിൽനിന്ന് ഓണ്‍ലൈനായി പണം കൈമാറ്റം ചെയ്യുന്നതിനു തടസം നേരിടുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ട്രഷറി വകുപ്പും സർക്കാരും ആർബിഐ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരുന്നതായി ബാങ്ക് അധികൃതർ അറിയിച്ചു.