‘പെൻഷൻ ആനുകൂല്യത്തിന് പിഎസ്സി അംഗമായിരുന്ന കാലവും പരിഗണിക്കാമെന്ന്’
Thursday, May 15, 2025 1:19 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരായിരുന്ന പിഎസ്സി അംഗങ്ങൾക്ക് സർക്കാർ സർവീസിനൊപ്പം പിഎസ്സി അംഗമായി സേവനം ചെയ്ത കാലവും പെൻഷൻ ആനുകൂല്യത്തിന് പരിഗണിക്കാമെന്ന് സർക്കാർ ഉത്തരവ്.
ഇതോടെ സംസ്ഥാന സർക്കാർ ജീവനക്കാരായിരുന്ന പിഎസ്സി ചെയർമാൻമാർക്കും അംഗങ്ങൾക്കും ഉയർന്ന പെൻഷൻ ലഭിക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം.
സർക്കാർ സർവീസിനൊപ്പം പിഎസ്സി അംഗമെന്ന നിലയിലെ സേവന കാലവും പരിഗണിച്ച് പെൻഷൻ നിശ്ചയിക്കാൻ ഈ മാസം ഏഴിനു ചേർന്ന മന്ത്രിസഭാ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണവകുപ്പ് ഉത്തരവ് ഇറക്കിയത്.
കഴിഞ്ഞ ഇടയ്ക്ക് പിഎസ്സി ചെയർമാനും അംഗങ്ങൾക്കും ശമ്പളം വർധിപ്പിച്ചതിനു പിന്നാലെ പെൻഷനിലും വൻ വർധന വരുത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് പിഎസ്സി പെൻഷൻ തെരഞ്ഞെടുക്കാൻ അവസരം നല്‍കണമെന്ന ആവശ്യവുമായി മൂന്നു മുൻ പിഎസ്സി അംഗങ്ങൾ സർക്കാരിനെ സമീപിച്ചു. മുമ്പുള്ള ചട്ടം ചൂണ്ടിക്കാട്ടി സർക്കാർ ഈ ആവശ്യം ആദ്യം നിരസിച്ചു. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിച്ചു.
നേരത്തേ സർക്കാർ സർവീസിലുണ്ടായിരുന്നവർക്ക് ഉയർന്ന പെൻഷൻ ലഭിക്കുന്നുണ്ടെന്ന കാര്യം കോടതിയിൽ ഇവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനുവരിയിൽ ഇവർക്ക് അനുകൂലമായി ഹൈക്കോടതി വിധി പറഞ്ഞു.
ഉചിതമായ തീരുമാനം എടുക്കാനാണ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം മന്ത്രിസഭായോഗത്തിന്റെ പരിഗണനയിലെത്തുകയും ഉയർന്ന പെൻഷൻ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയുമായിരുന്നു. ഇതിന്റെ പിന്നാലെ പൊതുഭരണ വകുപ്പ് ഉത്തരവും ഇറക്കി.