പതിമൂന്നുകാരൻ ഉൾപ്പെടെ മൂന്നു പേരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
Friday, June 20, 2025 1:59 AM IST
ബിജാപുർ(ഛത്തീസ്ഗഡ്): ഗ്രാമത്തിലേക്ക് ഇരച്ചെത്തിയ എൺപതോളം മാവോയിസ്റ്റുകൾ പതിമൂന്നുകാരനുൾപ്പെടെ മൂന്നുപേരെ കയറിൽകെട്ടി വലിച്ചിഴച്ചുകൊണ്ടുപോയി തൂക്കിക്കൊന്നു.
ബിജാപുരിലെ പെഡ്ഡകോർമ ഗ്രാമത്തിലാണ് അതിദാരുണമായ സംഭവം. ജുഗ്നു മൊദിയം (45), സോമ മോദിയം(21), അനിൽ മഡ്വി (13) എന്നിവരാണു കൊല്ലപ്പെട്ടത്.
മാർച്ചിൽ കീഴടങ്ങിയ മുതിർന്ന മാവോയിസ്റ്റ് ദിനേശ് മൊദിയയുടെ ബന്ധുക്കളാണ് കൊല്ലപ്പെട്ട ജുഗ്നുവും സോമയുമെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പറഞ്ഞു.
കൊലപാതകമുൾപ്പെടെ 26 ക്രിമിനൽ കേസുകളിൽ പ്രതിയായ ദിനേശ് മൊദിയത്തിന്റെ തലയ്ക്ക് പോലീസ് എട്ടുലക്ഷം രൂപ വിലയിട്ടിരുന്നു. ഇതിനിടെയാണ് ഇയാൾ പോലീസിൽ കീഴടങ്ങിയത്.
അതിനിന്ദ്യമായ ഈ പ്രവൃത്തി മാവോയിസ്റ്റ് ഭീകരതയാണ് വെളിവാക്കുന്നതെന്നും കുറ്റവാളികളെ നിയമത്തിനുമുന്നിൽകൊണ്ടുവരുമെന്നും ഐജി സുന്ദരരാജ് പറഞ്ഞു.