അഖിൽ ധർമജനും ശ്രീജിത്ത് മൂത്തേടത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
Thursday, June 19, 2025 3:02 AM IST
ന്യൂഡൽഹി: കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാരത്തിന് അഖിൽ പി. ധർമജനും കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്കാരത്തിന് ശ്രീജിത്ത് മൂത്തേടവും അർഹരായി.
"റാം കെയർ ഓഫ് ആനന്ദി’എന്ന നോവലിനാണ് അഖിൽ പി. ധർമജൻ യുവ പുരസ്കാരത്തിന് അർഹമായത്. "പെൻഗ്വിനുകളുടെ വൻകരയിൽ’എന്ന പുസ്തകമാണ് ശ്രീജിത്ത് മൂത്തേടത്തിന് പുരസ്കാരം നേടിക്കൊടുത്തത്.
വിവിധ ഭാഷകളിൽനിന്നായി 23 യുവ എഴുത്തുകാർ യുവ പുരസ്കാരത്തിനും 24 പേർ ബാല സാഹിത്യ പുരസ്കാരത്തിനും അർഹരായി. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് രണ്ടു പുരസ്കാരങ്ങളും.
കോഴിക്കോട് നാദാപുരം വാണിമേൽ സ്വദേശിയായ ശ്രീജിത്ത് മുത്തേടത്ത് തൃശൂർ ചേർപ്പ് സിഎൻഎൻ ഗേൾസ് ഹൈസ്കൂൾ അധ്യാപകനാണ്. 1993 ൽ ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളിയിൽ ജനിച്ച അഖിൽ "2018’ എന്ന സിനിമയുടെ തിരക്കഥാകൃത്തുകൂടിയാണ്.