രാജസ്ഥാനിൽ കാലിക്കടത്ത് ആരോപിച്ച് ഒരാളെ വെടിവച്ചു കൊന്നു.
Thursday, June 19, 2025 3:02 AM IST
ജയ്പുർ: രാജസ്ഥാനിലെ ദീഗ് ജില്ലയിൽ കാലിക്കടത്ത് ആരോപിച്ച് ഒരാളെ പോലീസ് വെടിവച്ചു കൊന്നു. ആഷിഖ് എന്നയാളാണ് മരിച്ചത്. പോലീസ് പട്രോളിംഗിനിടെ മിനി ട്രക്കിൽ നിറയെ കാലികളുമായി പോകുന്നവരെ കണ്ട് ചോദ്യം ചെയ്തപ്പോൾ ഇവർ പോലീസിനു നേർക്ക് വെടിയുതിർത്തു.
ആഷിഖ്, പിതാവ് ഹസം എന്നിവർ മോട്ടോർസൈക്കിളിലും മറ്റു രണ്ടുപേർ കാലികളെ കയറ്റിയ ട്രക്കിലുമാണുണ്ടായിരുന്നത്. പോലീസ് വെടിവയ്പിലാണ് ആഷിഖ് മരിച്ചത്.
ഹസമിനെ പരിക്കുകളോടെ ഭരത്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശുക്കടത്ത് ഉൾപ്പെടെ നിരവധി കേസുകൾ ഹസമിനെതിരേയുണ്ട്. ഇയാളുടെ തലയ്ക്ക് പോലീസ് 45,000 രൂപ വിലയിട്ടിരുന്നു.