ആത്മഹത്യാസൂചന നൽകി യുവതിയുടെ ഇൻസ്റ്റ പോസ്റ്റ്; മെറ്റയുടെ ഇടപെടലിൽ പോലീസ് രക്ഷയ്ക്കെത്തി
Thursday, June 19, 2025 3:02 AM IST
ന്യൂഡൽഹി: സമൂഹമാധ്യമ ഇടപെടലിന്റെ ഫലമായി ഉത്തർപ്രദേശിൽ യുവതിക്ക് പുതുജീവൻ. വിവാഹിതയാകാനുള്ള കുടുംബത്തിന്റെ സമ്മർദം മൂലം ആത്മഹത്യയ്ക്കൊരുങ്ങിയ ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിനിയായ 21കാരിയുടെ ജീവനാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളുടെ മാതൃ കന്പനിയായ മെറ്റ പ്ലാറ്റ്ഫോം കൃത്യമായ ഇടപെടലിലൂടെ പോലീസിനെ അറിയിച്ചു രക്ഷിച്ചത്.
യുജി അവസാനവർഷ വിദ്യാർഥിനിയായ യുവതി കഴിഞ്ഞ 16ന് രാത്രി 7.42ഓടെ ‘ഗുഡ് ബൈ, സോറി മാമാ പപ്പാ’ എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ ചിത്രമിട്ടതോടെയാണു സംഭവങ്ങളുടെ തുടക്കം.
പോസ്റ്റിട്ടതിനു തൊട്ടുപിന്നാലെ മെറ്റ ലക്നോയിലെ ഉത്തർപ്രദേശ് പോലീസിന്റെ സമൂഹമാധ്യമ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് സന്ദേശം ലഭിച്ച ഉത്തർപ്രദേശ് ഡിജിപി രാജീവ് കൃഷ്ണ ഇന്റസ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന നന്പർ ഉപയോഗിച്ചു യുവതിയുടെ ലൊക്കേഷൻ കണ്ടെത്താൻ ഓഫീസർമാരോടു നിർദേശിച്ചു.
മുന്നറിയിപ്പ് ലഭിച്ച് എട്ടു മിനിറ്റുകൾക്കുള്ളിൽ പോലീസ് യുവതിയുടെ വീട്ടിലെത്തുകയും അവരെ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന രീതിയിൽ കണ്ടെത്തുകയുമായിരുന്നു.
പോലീസ് ഉടൻതന്നെ യുവതിയെ കൗണ്‍സലിംഗിനു വിധേയമാക്കുകയും വൈദ്യസഹായം നൽകുകയും ചെയ്തു. യുവതിക്കു പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാൽ കുടുംബം അവരെ വിവാഹത്തിനു നിർബന്ധിച്ചുവെന്നും ഇതിന്റെ വിഷമത്തിലാണ് അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതെന്നും പോലീസ് അറിയിച്ചു. എന്നാൽ കുടുംബവും യുവതിയും നിലവിൽ സമാധാനപരമായ ഒത്തുതീർപ്പിലെത്തിയെന്നു പോലീസ് പറഞ്ഞു.