മണ്ണിടിച്ചിൽ: കേദാർനാഥിൽ രണ്ടു പേർക്ക് ദാരുണാന്ത്യം
Thursday, June 19, 2025 3:02 AM IST
രുദ്രപ്രയാഗ്: കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള ട്രക്കിംഗ് പാതയിലുണ്ടായ മണ്ണിടിച്ചിലിൽ തീർഥാടകരെ ചുമന്നുകൊണ്ടുപോകുന്ന രണ്ടു പേർക്ക് ദാരുണാന്ത്യം.
ഗുജറാത്തിൽനിന്നുള്ള തീർഥാടകനുൾപ്പെടെ മൂന്നു പേർക്കു പരിക്കേറ്റു. ജമ്മു കാഷ്മീരിലെ ദോഡ സ്വദേശികളായ നിതിൻ കുമാർ, ചന്ദ്രശേഖർ എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ 11.20ന് ജംഗിൾഛട്ടി ഘട്ടിക്കു സമീപമായിരുന്നു ദുരന്തം. മണ്ണിടിച്ചിലിനു പിന്നാലെ ഇവർ കൊക്കയിലേക്കു വീഴുകയായിരുന്നു. കൊക്കയിലേക്കു വടം കെട്ടിയിറങ്ങിയാണ് മൃതദേഹങ്ങളും പരിക്കേറ്റവരെയും എസ്ഡിആർഎഫ് സംഘം റോഡിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഗൗരികുണ്ഡിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.