രാഹുലിന് പുതിയ വിലാസം
Friday, June 20, 2025 1:59 AM IST
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി താമസം മാറുന്നു. സുനേരി ബാഗ് റോഡിലുള്ള അഞ്ചാം നന്പർ ബംഗ്ലാവ് ആയിരിക്കും പുതിയ ഔദ്യോഗിക വസതി.
ഇന്നലെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹം താമസം മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും അടുത്ത പാർലമെന്റ് സമ്മേളനത്തിന് മുമ്പ് പുതിയ വിലാസത്തിലേക്കു മാറുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ജൂലൈ 21 ന് പാർലമെന്റിൽ മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് ബംഗ്ലാവിൽ താമസം തുടങ്ങാനാണു തീരുമാനം. രാഹുൽ എംപിയായതിനുശേഷം, അദ്ദേഹത്തിന്റെ വസതി തുഗ്ലക് ലെയ്ൻ 12 ആയിരുന്നു.
എന്നാൽ, മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് 2023ൽ ലോക്സഭയിൽനിന്ന് അയോഗ്യനാക്കപ്പെട്ടതോടെ അദ്ദേഹത്തിന് ആ വീട് ഒഴിയേണ്ടി വന്നു. തുടർന്ന് രാഹുൽ അമ്മ സോണിയ ഗാന്ധിയുടെ ജൻപഥ് 10 വസതിയിലേക്കു താമസം മാറുകയായിരുന്നു.
പ്രതിപക്ഷ നേതാവായതോടെ, കാബിനറ്റ് റാങ്ക് ഉള്ളതിനാൽ ടൈപ്പ് 8 ബംഗ്ലാവിന് അർഹതയാണു രാഹുൽ ഗാന്ധിക്കുള്ളത്.