സമൂഹമാധ്യമ പ്രചാരണം തള്ളി കേന്ദ്രസർക്കാർ; അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമപാത ഉപയോഗിച്ചില്ല
Tuesday, June 24, 2025 1:03 AM IST
ന്യൂഡൽഹി: ഇറാനിലെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമപാത ഉപയോഗിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നു വ്യക്തമാക്കി കേന്ദ്രം.
ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തുവാൻ അമേരിക്കയുടെ ബി2 ബോംബർ വിമാനങ്ങൾ ഇന്ത്യൻ വ്യോമപാതയിലൂടെ സഞ്ചരിച്ചുവെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണമുണ്ടായിരുന്നു.
ഇതോടെയാണു ആരോപണം തള്ളി കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) വസ്തുത പരിശോധനാവിഭാഗം രംഗത്തെത്തിയത്. യുഎസ് ബോംബർ വിമാനങ്ങൾ സ്വീകരിച്ച വ്യോമപാതകളെക്കുറിച്ച് അമേരിക്കയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അധ്യക്ഷൻ ജനറൽ ഡാൻ കെയ്ൻ കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും അതിനാൽത്തന്നെ സമൂഹമാധ്യമങ്ങളിലെ ഇത്തരം അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും പിഐബി വസ്തുത പരിശോധനാവിഭാഗം വ്യക്തമാക്കി.
അമേരിക്കയുടെ ആക്രമണത്തിനു സഹായമായി ഇന്ത്യൻ സർക്കാർ വ്യോമപാത തുറന്നുനൽകിയെന്ന് ഇറാനിലെയടക്കം വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.