ജീവനൊടുക്കാന്‍ ശ്രമിച്ച റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി
Tuesday, March 28, 2023 11:42 AM IST
കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശിയുടെ പീഡനത്തെതുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി. കരിപ്പൂരില്‍ നിന്നും രാവിലെ എട്ടിനാണ് വിമാനം കയറിയത്. ആദ്യം ദുബായിലേക്കും പിന്നീട് മോസ്കോയിലേക്കുമാണ് യാത്ര.
തിങ്കളാഴ്ച വൈകുന്നേരം യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ മഹിളാ മന്ദിരത്തില്‍ താമസിപ്പിച്ചു.
എന്നാല്‍ എംബസി ഇടപെട്ടതോടെ യുവതിയെ വേഗത്തില്നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. യുവതിയുടെ മാതാപിതാക്കള്‍ തിങ്കളാഴ്ച തന്നെ ടിക്കറ്റെടുത്ത് നല്‍കിയിരുന്നു.
പീഡനവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്ത് കൂരാച്ചുണ്ടിലെ കാളങ്ങാലി ഒലക്കുന്നത്ത് ആഖിലി (27) നെ പോലീസ് നേരത്തെ അറസ്റ്റ് ചെയിരുന്നു. ഇയാളുടെ പീഡനത്തെതുടര്‍ന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ നിന്ന് ചാടിയാണു യുവതിക്കു പരിക്കേറ്റത്.
റഷ്യയിലെ മോസ്കോയില്‍ വെബ് ഡിസൈനറായി ജോലിചെയ്തിരുന്ന ഇരുപത്തിയേഴുകാരിയായ യുവതി ഇന്‍സ്റ്റഗ്രാംവഴിയാണ് ആഖിലിനെ പരിചയപ്പെട്ടത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പോലീസ് ഭാഷ്യം.