കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്ക്, നാല് പേർക്ക് ഗുരുതരം
Monday, September 15, 2025 6:58 AM IST
ഇടുക്കി: അടിമാലിയിൽ കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്ക്. നാലുപേർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അടിമാലി പനംകുട്ടിക്ക് സമീപത്തുവച്ച് ബ്രേക്ക് നഷ്ടപ്പെട്ട ബസ് പാതയോരത്ത് ഇടിച്ചുനിൽക്കുകയായിരുന്നു.
കണ്ണൂർ പയ്യന്നൂരിൽനിന്ന് ആരംഭിച്ച കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്ര ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 36 സഞ്ചാരികളും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്.
ഇതിൽ 10 പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആറു പേർ മോർണിംഗ് സ്റ്റാർ ആശുപത്രിയിലും ചികിത്സയിലുണ്ട്.