നേതാക്കൾക്ക് ചരമോപചാരം അർപ്പിച്ച് നിയമസഭ പിരിഞ്ഞു
Monday, September 15, 2025 11:44 AM IST
തിരുവനന്തപുരം: അന്തരിച്ച നേതാക്കള്‍ക്ക് ചരമോപചാരം അർപ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്, പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്, പി.പി. തങ്കച്ചന് എന്നിവര്‍ക്കാണ് സഭ ആദരാഞ്ജലി അര്‍പ്പിച്ചത്.
നിയമസഭാ സ്പീക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, വിവിധ കക്ഷി നേതാക്കള്‍ എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിച്ചു.
കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തില്‍ വി.എസ് നടത്തിയ പോരാട്ടങ്ങള്‍ പുതിയ തലമുറയ്ക്ക് പ്രചോദനവും പാഠവുമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയായിരിക്കെ വി.എസ് നടപ്പിലാക്കിയ പല ജനക്ഷേമ പദ്ധതികള്‍ക്കും പാര്‍ട്ടി പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
വി.എസിനെ അനുസ്മരിക്കുന്നത് കാണാൻ മകൻ വി.എ.അരുൺകുമാർ നിയമസഭയിൽ എത്തിയിരുന്നു. സന്ദർശക ഗാലറിയിൽ ഇരുന്ന് അദ്ദേഹം അനുസ്മരണം കണ്ടു.