റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐക്ക് സസ്പെന്ഷന്: രാഷ്ട്രീയ പകപോക്കലെന്ന് മാത്യു കുഴല്നാടന് എംഎല്‍എ
Monday, September 15, 2025 11:51 AM IST
കൊച്ചി: ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം മാത്യു കുഴല്നാടന് എംഎല്‍എയുടെ നിര്‍ദേശ പ്രകാരം നിര്‍വഹിച്ച എസ്ഐയെ സസ്പെന്‍ഡ് ചെയ്ത നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. റോഡിന്റെ ഉദ്ഘാടനം നടന്നിട്ടില്ലെന്നും താത്കാലികമായി വാഹനങ്ങള്‍ കടത്തിവിടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖിനെയാണ് ഡിഐജി എസ്. സതീഷ് ബിനോ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത്. ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിസിപി, കൊച്ചി സിറ്റി ട്രാഫിക് സ്പെഷല്‍ റിപ്പോര്‍ട്ട്, റൂറല്‍ ജില്ല സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.
സിപിഎം ഏരിയ കമ്മിറ്റിയും മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പണി തീരാത്ത റോഡിന്റെ ഉദ്ഘാടന കര്‍മം അനൗദ്യോഗികമായി നിര്‍വഹിച്ച് ചടങ്ങില്‍ പങ്കെടുത്തത് ഗുരുതരമായ കൃത്യവിലോപവും അനൗചിത്യവും അച്ചടക്ക ലംഘനവും വരുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് സിദ്ദിഖിനെതിരെ നടപടി.
നഗര വികസന പദ്ധതിയുടെ ഭാഗമായി 151 ദിവസമായി അടച്ചിട്ടിരുന്ന നഗരത്തിലെ എംസി റോഡ് ടാറിംഗ് പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ 12നായിരുന്നു വാഹനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. തുറന്നു കൊടുക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന കെ.പി. സിദ്ദിഖിനെ മാത്യു കുഴല്നാടന് എംഎല്‍എ നാട മുറിച്ച് ഉദ്ഘാടനം ചെയ്യാന്‍ വിളിക്കുകയായിരുന്നു.
ആദ്യം വൈമുഖ്യം പ്രകടിപ്പിച്ച എസ്ഐ ഒടുവില്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെയും, പണി പൂര്‍ത്തീകരിക്കാതെയും റോഡ് തുറന്നു കൊടുത്തത് വലിയ ചട്ടലംഘനമായി ആക്ഷേപം ഉയരുകയും ട്രാഫിക് എസ്ഐ മേലധികാരികളുടെ അനുമതി ഇല്ലാതെ ചട്ടവിരുദ്ധമായി ഉദ്ഘാടനം നിര്‍വഹിച്ചത് വലിയ ആക്ഷേപങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണമാകുകയും ചെയ്ത സാഹചര്യത്തിലാണ് സസ്പെന്ഷന് എന്നാണ് ഡിഐജിയുടെ ഉത്തരവ്.