എംഎല്‍എ അല്ലേ, സഭയില്‍ വരുമെന്ന് സണ്ണി ജോസഫ്; പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് മുരളീധരൻ
Monday, September 15, 2025 2:22 PM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയതിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഹുൽ എംഎല്‍എ അല്ലേ, സഭയില്‍ വരും എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. പാർട്ടി എടുക്കേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
രാഹുലിന് നിയമസഭയിൽ എത്താൻ അവകാശമുണ്ടെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എംഎൽഎ എന്ന നിലയിൽ രാഹുലിന് സഭയിലെത്താൻ നിയമസഭാ സ്പീക്കർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ സഭയിൽ എത്തിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് കെ. മുരളീധരൻ പ്രതികരിച്ചത്. രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയതാണ്. പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും ധാർമിക പ്രശ്നം ഇടതുപക്ഷത്തിനാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, വി.ഡി. സതീശന്റെ നിലപാടിനെ ധിക്കരിച്ചുള്ള രാഹുലിന്റെ സഭയിലെ സാന്നിധ്യം കെപിസിസി നേതൃയോഗം ചർച്ച ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.