മിൽമ പാലിന് വില വർധിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി മിൽമ ചെയർമാൻ
Monday, September 15, 2025 7:15 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില വർധിപ്പിക്കില്ല. മിൽമ പാലിന് വില വർധിപ്പിക്കുമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മില്‍മ ചെയര്മാന് കെ.എസ്. മണി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്ക് കുറയ്ക്കുന്ന സാഹചര്യത്തിൽ പാലിന് വില കൂട്ടിയാല്‍ അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കെ.എസ്. മണി പ്രതികരിച്ചു. വിദഗ്ധ സമിതിയുടെ ശിപാര്‍ശയനുസരിച്ചാണ് തീരുമാനമെന്നും മില്‍മ ചെയര്മാന് അറിയിച്ചു.
ഉത്പാദന ചെലവ് ഉയർന്ന സാഹചര്യത്തിൽ വില വർധനയെ കുറിച്ച് മിൽമ അധികൃതർ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. 2026 ജനുവരി മുതല്‍ പാലിന് വില കൂട്ടണം എന്നതായിരുന്നു വിദഗ്ധ സമിതിയുടെ തീരുമാനമെന്നും കെ.എസ്. മണി പറഞ്ഞു.
തീരുമാനത്തോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചിരുന്നതായും എറണാകുളം മേഖല ഒഴിച്ച് മറ്റ് രണ്ട് മേഖലകളിലും ഇപ്പോള്‍ വില വർധന വേണ്ടെന്നാണ് സമിതിയുടെ നിലപാടെന്നും കെ.എസ്. മണി കൂട്ടിച്ചേർത്തു.