സ്കൂട്ടറുകൾ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
Saturday, September 20, 2025 4:04 AM IST
ചവറ: സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൊബൈൽ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ നീണ്ടകര ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തുണ്ടായ അപകടത്തിൽ ശക്തികുളങ്ങര ശ്രീദേവി നിവാസിൽ എസ്.ശ്രീജിത്ത് (30) ആണ് മരിച്ചത്.
ഒരേ ദിശയിലേക്ക് വന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ നീണ്ടകര താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപെട്ട മറ്റൊരു സ്കൂട്ടറിലെ യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു.
കാവനാട് ജംഗ്ഷനിൽ മൊബൈൽ ഷോപ്പ് നടത്തിവരിക ആയിരുന്നു ശ്രീജിത്ത്. ചവറയിലെ ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.