വിജയ്യുടെ സംസ്ഥാന പര്യടനം; പ്രവർത്തകർക്ക് പത്തിന നിർദേശം നല്കി
Saturday, September 20, 2025 6:30 AM IST
ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും സൂപ്പർതാരവുമായ വിജയ്യുടെ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി പ്രവർത്തകർക്ക് പത്തിന നിർദേശം നല്കി. കഴിഞ്ഞ ശനിയാഴ്ച തിരുച്ചിറപ്പള്ളിയിൽ നടത്തിയ റോഡ്ഷോയെ മദ്രാസ് ഹൈക്കോടതി വിമർശിച്ചിരുന്നു.
തുടർന്നാണ് പ്രവർത്തകർക്ക് പത്തിന നിർദേശം നല്കാൻ പാർട്ടി തീരുമാനിച്ചത്. വിജയ്യുടെ വാഹനത്തെ പിന്തുടരരുത്, സർക്കാർ - സ്വകാര്യ കെട്ടിടങ്ങളുടെയോ വൈദ്യുത പോസ്റ്റുകളുടെയോ മുകളില്‍ കയറരുത്, പോലീസ് നിർദേശം പൂർണമായി അനുസരിക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
ഇന്ന് നാഗപ്പട്ടണം,തിരുവാരൂർ ജില്ലകളിലാണ് വിജയ് പര്യടനം നടത്തുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിജയ്യെ വിമർശിച്ചിരുന്നു. ഇതിന് അദ്ദേഹം ഇന്ന് മറുപടി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.