പാറമടയിൽ പാതി മുറിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം, കണ്ടത് ചൂണ്ടയിടാനെത്തിയവർ
Saturday, September 20, 2025 7:21 AM IST
അങ്കമാലി: ഉപയോഗിക്കാതെ കിടക്കുന്ന പാറമടയിൽ പാതി മുറിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളം നിറഞ്ഞ പാറമടയിൽ പൊങ്ങിയ മൃതദേഹത്തിന്റെ അരയ്ക്കു മുകളിലേക്കുള്ള ഭാഗം കാണാനില്ല. ട്രാക് സ്യൂട്ട് ധരിച്ച അരയ്ക്കു താഴേക്കുള്ള ഭാഗം കാലുകൾ കൂട്ടിക്കെട്ടിയ നിലയിലാണ്. കൊലപാതകമെന്നു സംശയം.
വൈകിട്ട് ചൂണ്ടയിടാനെത്തിയ രണ്ടു പേരാണ് മൃതദേഹം കണ്ടത്. ഇവർ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിനു രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്. അരഭാഗം മീനുകൾ കൊത്തി വേർപ്പെടുത്തിയതിനെ തുടർന്നാകാം വെള്ളത്തിനു മുകളിലേക്കു പൊങ്ങിവന്നതെന്നാണു നിഗമനം.
ഇന്ന് രാവിലെ മൃതദേഹം പാറമടയിൽ നിന്നു പുറത്തെടുത്ത് ബാക്കി ശരീരഭാഗത്തിനായി തെരച്ചിൽ നടത്തും. 70 മീറ്ററിലേറെ ആഴമുള്ള പാറമടയാണിത്. പാറമടയുടെ 100 മീറ്റർ അപ്പുറത്തു വരെയെ വാഹനങ്ങൾ എത്തുകയുള്ളു.