മൂന്നാറിൽ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് സർവീസ് പുനഃരാരംഭിച്ചു
Saturday, September 20, 2025 11:13 AM IST
മൂന്നാർ: ദേവികുളത്തിന് സമീപം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് സർവീസ് പുനഃരാരംഭിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം ഇരച്ചിൽപാറയ്ക്ക് സമീപമായിരുന്നു ബസ് അപകടത്തിൽപ്പെട്ടത്.
ഇക്കഴിഞ്ഞ 12ന് ആയിരുന്നു അപകടം. ബസിന്റെ അറ്റകുറ്റപണിയ്ക്ക് ശേഷം വെള്ളിയാഴ്ചയാണ് സർവീസ് പുനഃരാരംഭിച്ചത്. നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
അപകടത്തിന് പിന്നാലെ ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. മൂന്നാറിൽ നിന്ന് ആരംഭിച്ച് ദേവികുളം, ലാക്കാട് വ്യൂ പോയിന്റ്, ഗ്യാപ്പ് റോഡ്, പെരിയക്കനാൽ, ആനിറങ്ങൽ എന്നിവിടങ്ങൾ സന്ദർശിച്ച് തിരിച്ചെത്തുന്ന തരത്തിലാണ് സർവീസ്.
മൂന്ന് ട്രിപ്പുകളായാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒൻപതിന്, ഉച്ചയ്ക്ക് 12.30ന്, വൈകുന്നേരം നാലിന് എന്നിങ്ങനെയാണ് സർവീസുകൾ.