സാമ്പത്തിക സഹായം വർധിപ്പിച്ച് കേന്ദ്ര സർക്കാർ, എട്ടാം ശമ്പള കമ്മീഷന്റെ വിജ്ഞാപനവും ഉടനെന്ന്
Thursday, October 16, 2025 3:36 AM IST
ന്യൂഡൽഹി: ദീപാവലി സമ്മാനമായി മുൻ സൈനികർക്കും ആശ്രിതർക്കുമുള്ള സാമ്പത്തിക സഹായം വർധിപ്പിച്ച് കേന്ദ്ര സർക്കാർ. വിദ്യാഭ്യാസ, വിവാഹ സഹായധനം ഉൾപ്പെടെയാണ് കേന്ദ്രം വർധിപ്പിച്ചത്. വിവാഹ സഹായധനം 50,000ൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തി.
വിദ്യാഭ്യാസ സഹായധനവും ഇരട്ടിയായി വർധിപ്പിച്ചു. പ്രതിമാസം നൽകിയിരുന്ന 1000 രൂപ ഇനി മുതൽ 2000 രൂപയാക്കിയാണ് ഉയർത്തിയത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ എട്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനവും ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
എട്ടാം ശമ്പള കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം വേണ്ട സമയത്ത് പുറത്തിറക്കുമെന്ന് ധനമന്ത്രാലയത്തിലെ സഹമന്ത്രി പങ്കജ് ചൗധരി അടുത്തിടെ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. 2025 ജനുവരിയിൽ കമ്മീഷന് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയെങ്കിലും കമ്മീഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.