ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന വിവാദം; ഐ.സി. ബാലകൃഷ്ണന് എംഎല്‍എയ്ക്കെതിരേ വിജിലന്‍സ് കേസ്
Saturday, October 18, 2025 12:35 PM IST
കൽപ്പറ്റ: ബത്തേരി അര്‍ബന്‍ ബാങ്കില്‍ നിയമനത്തിന് കോഴവാങ്ങിയെന്ന ആരോപണത്തിനു വിധേയനായ ഐ.സി. ബാലകൃഷ്ണന് എംഎല്‍എയ്ക്കെതിരേ വിജിലന്‍സ് കേസ്.
വയനാട് ഡിസിസി മുന്‍ പ്രസിഡന്റുമായ ബാലകൃഷ്ണനെ പ്രതിയാക്കി മീനങ്ങാടി വിജിലന്‍സ് എഫ്ഐആര്‍ ഇട്ടു. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനത്തിനായി കോഴ വാങ്ങിയതിൽ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
നിയമനക്കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടത്. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. വിജിലൻസ് ഡയറക്ടറുടെ അനുമതിയെത്തുടർന്നാണ് കേസ് എടുത്തിരിക്കുന്നത്.
എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേർത്തിരുന്നു.
എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പിൽ നാല് നേതാക്കളുടെ പേരാണ് പറയുന്നത്. ഇതിൽ ഒരാൾ മരിച്ചിരുന്നു. ബാക്കി മൂന്ന് പേർക്കെതിരേയാണ് പോലീസ് പ്രതി ചേർത്തത്. എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ ഐ.സി. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരേ കുടുംബം ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്.