യുഡിഎഫ് എന്നും വിശ്വാസികൾക്കൊപ്പമെന്നു മുരളീധരൻ
Sunday, October 19, 2025 12:40 AM IST
പന്തളം: വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ യുഡിഎഫ് എന്നും വിശ്വാസികൾക്കൊപ്പമാണെന്നും സ്വർണക്കവർച്ചയിൽ കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണമാണ് വേണ്ടതെന്നും കെ.മുരളീധരൻ. കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവായൂരിൽ പോയതിനാലാണ് വൈകിയത്. ഒന്നാം തീയതിയായതുകൊണ്ടാണ് ഗുരുവായൂരിലേക്ക് പോയതെന്ന് വേദിയിൽ നിന്നിറങ്ങിയ ശേഷം മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ കാരണത്താല്‍ വിശ്വാസ സംരക്ഷണ യാത്ര സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് മുരളീധരന് നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ജാഥ ക്യാപ്റ്റന്മാരില് ഒരാള്‍ തന്നെ പരിപാടിയില്‍നിന്നു വിട്ടുനില്‍ക്കുന്നത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നേരിട്ട് മുരളീധരനെ വിളിച്ച് സംസാരിക്കുകയായിരുന്നു.
കാസർകോഡുനിന്നു യാത്രയ്ക്ക് നേതൃത്വം കൊടുക്കാനാണ് തന്നെ ഏൽപ്പിച്ചതെന്നും അത് പൂർത്തിയാക്കിയിരുന്നെന്നും മുരളീധരൻ പറഞ്ഞു. കെപിസിസി പുനസംഘടന സംബന്ധിച്ച കാര്യങ്ങളൊക്കെ വഴിക്ക് നടക്കും. പരാതിയുണ്ടെങ്കിൽ എഐസിസി സെക്രട്ടറിയോടൊ രാഹുൽ ഗാന്ധിയോടൊ കെപിസിസി പ്രസിഡന്റിനോടൊ സംസാരിക്കുകയാണ് ചെയ്യുകയെന്നും മുരളീധരൻ പറഞ്ഞു.
വെള്ളിയാഴ്ചയാണ് നാല് ക്യാപ്റ്റന്മാര് നയിച്ച വിശ്വാസ സംഗമയാത്ര ചെങ്ങന്നൂരില്‍ സംഗമിച്ചത്. കെ. മുരളീധരന്, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹ്നാന് എന്നിവരാണ് ജാഥ ക്യാപ്റ്റന്മാര്. യാത്രയ്ക്ക് ശേഷം മുരളീധരന് ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്നു.