പെരുമഴക്കാലം വരുന്നു; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Sunday, October 19, 2025 1:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മാന്നാർ കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും മുന്നറിയിപ്പിൽ പറയുന്നു.
തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള, കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമർദം ശക്തി കൂടിയ ന്യുനമർദമായി മാറി. ഇത് പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യുനമർദമായി മാറി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.