ഇന്ത്യയ്ക്ക് നിരാശ; ഇംഗ്ലണ്ട് സെമിയിൽ
Sunday, October 19, 2025 10:37 PM IST
ഇൻഡോർ: ഐസിസി വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തോൽവി. നാല് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ ഇംഗ്ലണ്ട് സെമി ഫൈനലിന് യോഗ്യത നേടി.
ഇംഗ്ലണ്ട് ഉയർത്തിയ 289 റണ്‍സ് വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടം നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 284 റണ്‍സിന് അവസാനിച്ചു. ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും കാഴ്ചവച്ചത്. മന്ദാന 94 പന്തിൽ 88 റണ്‍സെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 70 പന്തിൽ 70 റണ്‍സെടുത്താണ് മടങ്ങിയത്. ഇരുവരും ചേർന്ന് 125 റണ്‍സാണ് പടുത്തുയർത്തത്.
ദീപ്തി ശർമയും കരുത്തുറ്റ ഇന്നിംഗ്സ് കാഴ്ചവച്ചു. 57 പന്തിൽ 50 റണ്‍സെടുത്താണ് ദീപ്തി മടങ്ങിയത്. ഹർലീൻ ഡിയോൾ 24 റണ്‍സെടുത്തു. പുറത്താകാതെ അമൻജോത് കൗർ 18 റണ്‍സും സ്നേഹ റാണ പത്ത് റണ്‍സുമെടുത്തു.
ഇംഗ്ലണ്ടിനായി നാറ്റ് സ്കൈവർ ബ്രണ്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 288 റണ്‍സെടുത്തു.
ഹീതർ നൈറ്റ് 91 പന്തിൽ ഒരു സിക്സും 15 ഫോറും ഉൾപ്പെടെ 109 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഹീതറിനു കൂട്ടായി ആമി ജോണ്‍സും മികച്ച പ്രകടനം കാഴ്ചവച്ചു. 68 പന്തുകൾ നേരിട്ട ആമി 56 റണ്‍സെടുത്താണ് മടങ്ങിയത്. ക്യാപ്റ്റൻ നാറ്റ് സ്കൈവർ ബ്രണ്ട് 38 റണ്‍സും ടാമി ബ്യൂമോണ്ട് 22 റണ്‍സും നേടി.
ഇന്ത്യയ്ക്കായി നാല് വിക്കറ്റുകൾ വീഴ്ത്തി. ശ്രീ ചരണി രണ്ട് വിക്കറ്റും നേടി.