ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം; വകുപ്പ് മന്ത്രി രാജിവയ്ക്കണം: വി.ഡി. സതീശൻ
Wednesday, October 22, 2025 2:19 PM IST
പാലക്കാട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തെളിവുകൾ ഹൈക്കോടതി പുറത്തുവിട്ട സാഹചര്യത്തിൽ ദേവസ്വം മന്ത്രി വി.എന്. വാസവൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വലിയ സ്വർണകവർച്ചയാണ് ശബരിമലയിൽ നടന്നതെന്ന് ഹൈക്കോടതി അടിവരയിട്ട് രേഖപ്പെടുത്തുന്നുണ്ട്. ഇപ്പോഴത്തെ ദേവസ്വം ബോർഡിനും ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്നത് വളെര വ്യക്തമാണ്. അടിയന്തരമായി ദേവസ്വം മന്ത്രി രാജിവെയ്ക്കണം. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്നും സതീശൻ പറഞ്ഞു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇത്തവണ കൊണ്ടുപോയ ദ്വാരപാലക ശിൽപവും വിൽക്കുമായിരുന്നു. ആറു കൊല്ലത്തിനിടയിൽ നാൽപത് വർഷം വാറണ്ടിയുള്ള സാധനം വീണ്ടും മങ്ങിയെന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിക്കു കൊടുത്തത് വലിയ കവർച്ചയ്ക്ക് വേണ്ടിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.